രാജ്യത്ത് കൊവിഡ് മരണം 500 കടന്നു, 24 മണിക്കൂറിനിടെ മരിച്ചത് 36 പേര്‍

രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 543 ആയി. കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേര്‍ കൂടി മരിച്ചു. രോഗബാധിതരുടെ എണ്ണം പതിനേഴായിരം കടന്നു. രോഗികളുടെ എണ്ണം 17,265 ആയിരിക്കുയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2302 പേര്‍ രോഗമുക്തി നേടി. രോഗവ്യാപനം രൂക്ഷമായിരിക്കുന്ന ഡല്‍ഹിയില്‍ ആകെ കേസുകള്‍ രണ്ടായിരം കടന്നപ്പോള്‍, യു.പി ആയിരം കേസുകള്‍ക്ക് മുകളിലുള്ള സംസ്ഥാനമായി മാറി.

രാജ്യതലസ്ഥാനത്തെ മരണ സംഖ്യ നാല്‍പ്പത്തി അഞ്ചായി. ഹോട്ട്സ്പോട്ടുകളില്‍ ഒഴികെയുള്ള കേന്ദ്ര സര്‍ക്കാര്‍ നേര്‍ത്തെ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് നിലവില്‍വരും. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം നാലായിരം കടന്നു. ആശങ്ക വര്‍ദ്ധിപ്പിച്ച്‌ ഇന്നലെ 552 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ രോഗബാധ നിരക്കാണിത്. 4200 പേരാണ് ആകെ ചികില്‍സയിലുള്ളത്.

പുതുതായി 12 മരണം റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 223 ആണ്. 507 പേര്‍ ഇതുവരെ രോഗമുക്തരായി. മുംബയില്‍ രോഗബാധിതരുടെ എണ്ണം മൂവായിരത്തിലേക്ക് അടുക്കുകയാണ്. 134 മരണം റിപ്പോര്‍ട്ട് ചെയ്ത മുംബയ് നഗരത്തില്‍ 2724 രോഗികളുണ്ട്.