ഖാലിസ്ഥാനെതിരെ സംസാരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിയെ ഖാലിസ്ഥാന്‍ അനുകൂലികള്‍ മര്‍ദ്ദിച്ചു

കാന്‍ബെറ. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഖാലിസ്ഥാന്‍ അനുകൂലുകള്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അക്രമിച്ചു. ഖാലിസ്ഥാന്‍ ഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് 23 കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അക്രമിച്ചത്. ഇരുമ്പുവടി ഉപയോഗിച്ച് അക്രമികള്‍ വിദ്യാര്‍ഥിയെ മര്‍ദിക്കുകയായിരുന്നു. പാര്‍ട്ട് ടൈം ജോലിക്കായി പോകുകയായിരുന്ന വിദ്യാര്‍ഥിയെ ഇവര്‍ കൂട്ടത്തോടെ എത്തി അക്രമിക്കുകയായിരുന്നു.

അക്രമികള്‍ ഖാലിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചാണ് അക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജോലിക്ക് പോകുകയായിരുന്ന തന്നെ ഒരു സംഘം ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി മര്‍ദിച്ചുവെന്ന് വിദ്യാര്‍ഥി പറയുന്നു. ഇനിയും ഖാലിസ്ഥാനെതിരെ സംസാരിച്ചാല്‍ അക്രമണം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായിട്ടാണ് വിദ്യാര്‍ഥി പറയുന്നത്.

മുമ്പും ഇന്ത്യന്‍ സമൂഹവും ഖാലിസ്ഥാനികളും മെല്‍ബണില്‍ ഏറ്റ് മുട്ടിയിരുന്നു. അതേസമയം വിഷയത്തില്‍ ഖാലിസ്ഥാന് വിഘടനവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു.