ഗണേഷ് കുമാറിനെതിരായ കേസ്; ആരോപണ വിധേയനായ സിഐ അന്വേഷിക്കും

കൊല്ലം: എംഎൽഎ കെ.ബി.​ഗണേഷ് ​കുമാർ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് യുവാവും അമ്മയും നൽകിയ പരാതി ആരോപണവിധേയനായ സിഐ തന്നെ അന്വേഷിക്കും. എംഎൽഎയും ഡ്രൈവറും പരാതികാരനായ അനന്തകൃഷ്ണനേയും അമ്മ ഷീലയേയും മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന കേസാണ് അഞ്ചൽ സിഐ അന്വേഷിക്കുന്നത്.

അഞ്ചല്‍ അഗസ്ത്യകോട് വെച്ച് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ഗണേഷ് കുമാറും ഡ്രൈവറും മര്‍ദ്ദിച്ചതെന്നാണ് യുവാവ് പരാതിപ്പെട്ടത്. ഗണേഷ് കുമാറും പി.എ പ്രദീപും പരാതിക്കാരനായ അനന്തകൃഷ്ണനെ കൈയ്യേറ്റം ചെയ്തതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന അഞ്ചല്‍ സി.ഐ നടപടിയെടുത്തില്ലെന്നും പകരം തനിക്കും ഒപ്പമുണ്ടായിരുന്ന അമ്മയ്‌ക്കുമെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നും യുവാവ് നേരത്തെ ആരോപിച്ചിരുന്നു.