ആന്ധ്രയിൽ നാളെ മുതൽ 13 ജില്ലകൾ കൂടി

ആന്ധ്രാപ്രദേശിൽ നാളെ 13 ജില്ലകൾ കൂടി നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആകുന്നു. ജഗൻ മോഹൻ റെഡ്ഢി സർക്കാരിന്റെ പുതിയ നീക്കമാണ് ഒരുമിച്ച് 13 ജില്ലകൾ രൂപീകരിക്കുനുള്ള തീരുമാനത്തിന് പിന്നിൽ . ഇതിനായുള്ള എല്ലാ നടപടി ക്രമങ്ങളും സർക്കാർ പൂർത്തിയാക്കി കഴിഞ്ഞു. നാളെ പുതിയ ജില്ലകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.

നാളെ തന്നെ പുതിയ ജില്ലകളിൽ ചുമതലയേറ്റെടുക്കാൻ ഉദ്യോഗസ്ഥർക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ജില്ലകളുടെ പോർട്ടലുകളും ഹാൻഡ് ബുക്കുകളും നാളെ പ്രകാശനം ചെയ്യും. ഇതിനൊപ്പം സംസ്ഥാനത്ത് പുത്തൻ വിമാനത്താവളങ്ങളും കൊണ്ടുവരാൻ സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു.

മുൻപ് സംസ്‌ഥാനത്ത് മൂന്ന് തലസ്‌ഥാനം കൊണ്ടുവരാനുള്ള നീക്കം ജഗൻ സർക്കാർ ഉപേക്ഷിച്ചിരുന്നു. നിയമ തലസ്‌ഥാനമായി അമരാവതി, നീതിനിർവഹണ തലസ്ഥാനമായി കർണൂൽ, ഭരണ തലസ്ഥാനമായി വിശാഖപട്ടണം എന്നിങ്ങനെ തലസ്ഥാന വിഭജനം നടത്താനായിരുന്നു പദ്ധതി.

എന്നാൽ സംസ്‌ഥാനത്ത്‌ മൂന്ന് തലസ്‌ഥാനങ്ങളുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്‌ഡി പ്രഖ്യാപിച്ചു. പുതിയ തലസ്ഥാനത്തിനായി കൃഷിഭൂമിയും സ്ഥലവും വിട്ടുകൊടുക്കുന്നതിന്റെ ആശങ്കയിൽ ആയിരുന്ന കർഷകർക്ക് ആശ്വാസമായിരുന്നു ഈ തീരുമാനം.