ഓരോ സ്ത്രീയും തന്റെ ജീവനും ജീവിതവും കൊടുത്താണ് ഓരോ കുഞ്ഞുങ്ങളെയും വളർത്തികൊണ്ടുവരുന്നത്

കുഞ്ഞുങ്ങൾക്ക് പേരിടുമ്പോൾ അച്ഛന്റെ പേര് മാത്രം കൂടെ ചേർക്കുന്നതിൽ ചെറുതല്ലാത്ത ശരികേടിനെ ചൂണ്ടിക്കാട്ടി ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ആതിര ഉഷ വാസുദേവൻ.ഓരോ സ്ത്രീയും തന്റെ ജീവനും ജീവിതവും കൊടുത്താണ് ഓരോ കുഞ്ഞുങ്ങളെയും വളർത്തികൊണ്ടുവരുന്നത്. 9 മാസത്തെ കഠിനമായ ഗർഭകാലം. മോർണിംഗ് സിക്ക്നെസ് എന്ന് ഓമന പേരിൽ തുടങ്ങി ഉമിനീര് പോലും ഇറക്കാൻ പ്രയാസ പെടുന്ന ഭീകര അവസ്ഥകൾ വരെ.. നോർമൽ മൂഡ് ചേഞ്ച്‌ ഇൽ തുടങ്ങി പ്രീ പാർട്ടം ഡിപ്രെഷൻ വരെ നീളുന്ന മാനസിക അവസ്ഥ കൾ.. ഇതിനെയൊക്കെയാണ് മസാല ദോശ മുതൽ മസിൽ ക്രാമ്പ് വരെ എന്ന് ലളിത വൽക്കരിക്കുന്നത്.. പിന്നീട് കഠിനമായ പ്രസവ വേദന, പ്രസവം, പാല് കൊടുക്കൽ പോസ്റ്റ്‌ പാർട്ടം അങ്ങനെ നീളുന്നു ഒരു അമ്മയുടെ ജീവിത തുടക്കം.. അതേ സമയം അച്ഛനോ മാസമാസം ചെക്ക് അപ്പ്‌ നു കൊണ്ടോണം, പിന്നെ ഒന്ന് ആശുപത്രി വരാന്തയിൽ ടെൻഷൻ അടിച്ചു നടക്കണം കുഞ്ഞിനെ കയ്യിലെടുത്ത ഉടനെ തന്റെ പേരിനു മാച്ച് ആയി വരുന്ന ഒരു പേരങ്ങു വിളിക്കണം.. എന്തെളുപ്പമെന്ന് കുറിപ്പിൽ പറയുന്നു

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

പേരിലെന്തിരിക്കുന്നു???!!ഹൃദയത്തിൽ കുഞ്ഞു ജനിക്കുമ്പോൾ അരുൺ, സെൽവ എന്ന് പേരിടുന്നതും നിത്യ അതു കേട്ടു ‘സെൽവ അരുൺ’ നല്ല പേര് എന്ന് പറയുമ്പോൾ ‘സെൽവ നിത്യ അരുൺ’ എന്ന് അരുൺ തിരുത്തി പറയുന്നത് മായ ഒരു രംഗം ഉണ്ട്. കയ്യടിക്ക് വേണ്ടി ഉൾപ്പെടുത്തിയ ഒരു രംഗം പോലെ തോന്നിയെങ്കിലും ഒരുപാട് പ്രേക്ഷകരിലേക്ക് എത്തുന്ന ഇത്തരം ഒരു കമെർഷ്യൽ സിനിമയിൽ ഈ രംഗം ഉൾപ്പെടുത്തിയതും ഈ സീനിനു തിയേറ്ററിൽ നല്ല കയ്യടി കിട്ടിയതും കണ്ടു സന്തോഷം തോന്നിയിരുന്നു.കുഞ്ഞുങ്ങൾക്ക് പേരിടുമ്പോൾ അച്ഛന്റെ പേര് മാത്രം കൂടെ ചേർക്കുന്നതിൽ ചെറുതല്ലാത്ത ശെരികേട് ഉണ്ടെന്ന് കുറച്ചു പേരെങ്കിലും മനസ്സിലാക്കുന്നുണ്ട്. പക്ഷെ ഇപ്പോഴും അത് എത്രത്തോളം സമൂഹത്തിലേക്ക്, കുടുംബങ്ങളിലേക്ക് എത്തി എന്ന കാര്യം സംശയമാണ്. പരിചയമുള്ള കുഞ്ഞുങ്ങളിൽ ഭൂരിഭാഗം പേരുടെയും കൂടെ അച്ഛന്റെ പേര് മാത്രം ആണുള്ളത്.

എന്തുകൊണ്ടാണ് അമ്മയുടെ പേര് ചേർക്കാത്തത്?? എന്ന് അടുത്ത സുഹൃത്തുക്കളോട് പോലും ചോദിക്കുമ്പോൾ ‘അങ്ങനെ ചേർക്കാൻ പറ്റോ’ തുടങ്ങി ഒരു പേരിലൊക്കെ എന്തിനാ ഇങ്ങനെ നിർബന്ധം പിടിക്കുന്നത്’ എന്ന് വരെയുള്ള വിവിധങ്ങളായ മറുപടികൾ കേട്ടിട്ടുണ്ട്.നമ്മൾ ഇപ്പോഴും ഒരു ആണാധികാര സാമൂഹിക വ്യവസ്ഥയിൽ തന്നെയാണ് ജീവിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവല്ലേ ഇപ്പോഴും തുടർന്ന് കൊണ്ട് പോവുന്ന ഈ കീഴ് വഴക്കം.അല്ലെങ്കിൽ തന്നെ ഓരോ സ്ത്രീയും തന്റെ ജീവനും ജീവിതവും കൊടുത്താണ് ഓരോ കുഞ്ഞുങ്ങളെയും വളർത്തികൊണ്ടുവരുന്നത്. 9 മാസത്തെ കഠിനമായ ഗർഭകാലം. മോർണിംഗ് സിക്ക്നെസ് എന്ന് ഓമന പേരിൽ തുടങ്ങി ഉമിനീര് പോലും ഇറക്കാൻ പ്രയാസ പെടുന്ന ഭീകര അവസ്ഥകൾ വരെ.. നോർമൽ മൂഡ് ചേഞ്ച്‌ ഇൽ തുടങ്ങി പ്രീ പാർട്ടം ഡിപ്രെഷൻ വരെ നീളുന്ന മാനസിക അവസ്ഥ കൾ.. ഇതിനെയൊക്കെയാണ് മസാല ദോശ മുതൽ മസിൽ ക്രാമ്പ് വരെ എന്ന് ലളിത വൽക്കരിക്കുന്നത്.. പിന്നീട് കഠിനമായ പ്രസവ വേദന, പ്രസവം, പാല് കൊടുക്കൽ പോസ്റ്റ്‌ പാർട്ടം അങ്ങനെ നീളുന്നു ഒരു അമ്മയുടെ ജീവിത തുടക്കം.. അതേ സമയം അച്ഛനോ മാസമാസം ചെക്ക് അപ്പ്‌ നു കൊണ്ടോണം, പിന്നെ ഒന്ന് ആശുപത്രി വരാന്തയിൽ ടെൻഷൻ അടിച്ചു നടക്കണം കുഞ്ഞിനെ കയ്യിലെടുത്ത ഉടനെ തന്റെ പേരിനു മാച്ച് ആയി വരുന്ന ഒരു പേരങ്ങു വിളിക്കണം.. എന്തെളുപ്പം.!!

ആശുപത്രി യിൽ വെച്ചു പേരിട്ടില്ലെങ്കിൽ പേരിടാൻ ചടങ്ങ് ഉണ്ട്.. ചെവിയിൽ പേര് വിളിക്കാൻ അവകാശം തന്നെ അച്ഛനാണ്. വിളിക്കുന്ന പേര് അച്ഛന്റെ അച്ഛന്റെയോ അമ്മയുടെയോ പേര് ആയിരിക്കും..മൂന്നോ നാലോ കുട്ടികളൊക്കെ ആയാൽ അമ്മയുടെ വീട്ടുകാർക്ക് അവസരം കിട്ടിയേക്കും.. ഇങ്ങനെ ഒക്കെ ആണെങ്കിലും ആദ്യത്തെ പ്രസവം അത് പെണ്ണിന്റെ വീട്ടിൽ തന്നെയാവണം.. വേറെ ഒരു കൂട്ടർ ഉണ്ട് അച്ഛന്റെയും അച്ഛമ്മയുടെയും പേര് കൂടെ ചേർത്താലും അമ്മയുടെ പേര് ചേർക്കാറില്ല.കുഞ്ഞിന്റെ കാര്യത്തിൽ സകല ഉത്തരവാദിത്തങ്ങളും അമ്മക്ക് നൽകി പലപ്പോഴും അവളുടെ വിദ്യാഭാസവും ജോലിയും കരിയർ വളർച്ചയും ഒക്കെ ഇല്ലാതാക്കുന്ന സമൂഹം തന്നെ കുഞ്ഞിന്റെ മേലുള്ള സകല അധികാരങ്ങളും അച്ഛന് നൽകുന്നതിൽ നിങ്ങൾക്ക് യാതൊരു നീതിക്കേടും തോന്നുന്നില്ലേ??

ഈ പേരിടൽ ഒരു തുടക്കം മാത്രമാണ്.. ജാതിയോ മതമോ ഏതുമായികൊള്ളട്ടെ.. അവകാശങ്ങളും അധികാരങ്ങളും അച്ഛന് നൽകി കടമകളും ഉത്തരവാദിത്തങ്ങളും അമ്മക്ക് കൊടുത്ത് തന്നെയാണ് നമ്മുടെ സമൂഹം മുന്നോട്ടു പോകുന്നത്. അപ്പികോരാനും കുളിപ്പിക്കാനും ഉറക്കാനും ഉള്ള ചുമതല അമ്മക്ക് നൽകുമ്പോൾ നൂലുകെട്ടു, മാമോദീസ ചോറൂണ് ചടങ്ങ് ഏതു മായി കൊള്ളട്ടെ സ്ഥാനം ആണുങ്ങൾക്കാണ്. വർഷം മുഴുവൻ ചോറ് കൊടുക്കേണ്ടത് അമ്മയാണെങ്കിലും ആദ്യത്തെ ഉരുള അത് അച്ഛന് അവകാശപ്പെട്ടതാണ്.ഒരു പെൺകുട്ടി ഒളിച്ചോടി പോയാൽ വളർത്തു ദോഷത്തിന്റെ പഴി അമ്മയ്ക്കും പഠിച്ചു മികച്ച വിജയം കിട്ടിയാൽ അച്ഛന്റെ പേരും കൂടി ചേർത്തൊരു ഫ്ലക്സ് ഉം വെക്കുന്നത് ഇവിടെ അത്രമേൽ സ്വഭാവികമാണ്…പരീക്ഷക്ക് വെളുപ്പിന് എണീറ്റു കട്ടൻ ഇട്ടു കൊടുത്തതും അസുഖം വരുമ്പോൾ ഉറക്കം കളഞ്ഞു കൂട്ടിരുന്നത് ഒന്നും ആരുടേയും കണക്കിൽ വരുന്നില്ല..

ഹിന്ദു വിവാഹത്തിന് പെൺകുട്ടിയുടെ കൈ പിടിച്ചു കൊടുക്കാനുള്ള അവകാശം അച്ഛനും അച്ഛനില്ലെങ്കിൽ വീട്ടിലേ മറ്റു മുതിർന്ന പുരുഷന്മാർക്കോ കിട്ടുമ്പോഴും വളർത്തി വലുതാക്കിയ അമ്മക്ക് കിട്ടാത്തത് എന്തുകൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ.?? ക്രിസ്തീയ വിവാഹത്തിൽ പള്ളിയിലേക്ക് പെൺകുട്ടി വരുന്നത് അച്ഛന്റെ കൈ പിടിച്ചാണ്.. മുസ്ലിം വിവാഹത്തിൽ ആണെങ്കിൽ വിവാഹ ഉടമ്പടി തന്നെ അച്ഛനും വരനും തമ്മിൽ ഉള്ളതാണ്..വിവാഹം കഴിഞ്ഞു അടുത്ത തലമുറ വരുമ്പോൾ പിന്നേം സംഗതി റിപീറ്റ്.. പിന്നെ വേറെ ഒരു പരിപാടി ഉണ്ട്..ഉള്ളതെല്ലാം വിറ്റു പെറുക്കി, ഉള്ളതെന്ന് പറയുമ്പോൾ ഭാര്യയുടെ സ്ത്രീ ധനം, സ്വർണം, സ്ഥലം എല്ലാം ഉൾപ്പെടുത്തി ഒരു വീട് വെക്കൽ.. എന്നിട്ട് അതിന്റെ പുറത്ത് ഗൃഹ നാഥന്റെ മാത്രം പേരും.. ഇനി സാമ്പത്തിക മായ കോൺട്രിബൂഷൻ ചെറുതാണെങ്കിലും മാനസികവും ശാരീരികവും ആയ അദ്ധ്വാനം കൊണ്ട് വീടിനെ വീടാക്കുന്നത് സ്ത്രീകളാണല്ലോ.. എന്തൊക്കെ പറഞ്ഞാലും ഇനി ഒരുമിച്ച് ഹൗസിങ് ലോൺ എടുത്താലും ആധാരം കെട്ടിയോന്റെ പേരിൽ മാത്രം ആയിരിക്കും.<പ്രിയപ്പെട്ട സ്ത്രീകളെ സമൂഹം നിങ്ങളെ രണ്ടാം തരം പൗരന്മാരായാണ് കാണുന്നത് എന്നതിന് ഇനിയും തെളിവുകൾ വേണോ??ഇങ്ങനെ എല്ലാം ത്യജിച്ച ഭർത്താവിന് വിട്ടു കൊടുത്ത് സ്വന്തം അദ്ധ്വാനത്തിന്റെയും ജീവിതത്തിന്റെയും വില കളയരുത്..പ്രിയപ്പെട്ടവർ മരിച്ചാൽ പോലും കൊള്ളി വെക്കാനോ മയ്യത്ത് കട്ടിൽ ചുമക്കാനോ അവകാശം ഇല്ലാത്തവരാണ് നമ്മൾജീവിതകാലം മുഴുവൻ ഭർത്താവിന്റെയോ അച്ഛന്റെയോ ഐഡന്റിറ്റി യിൽ ജീവിക്കാൻ തന്നെയാണ് സമൂഹം നമ്മളോട് പറയുന്നത്... ഇനി നമ്മൾ അത് വേണ്ടെന്ന് പറഞ്ഞാലും ആധാർ കാർഡിന്റെയും വോട്ടർ ഐഡി യുടെയും രൂപത്തിൽ അത് പിറകെ വരും..സ്വന്തം അവകാശങ്ങളെയും അധികാരങ്ങളെയും കുറിച്ച് ബോധവധികളാവുന്ന സ്ത്രീകൾക്ക് മാത്രമേ തുല്യ നീതിക്കും തുല്യ അവസരങ്ങൾക്കും വേണ്ടി പോരാടാൻ ആവുന്നുള്ളു.അതി ഭീകര സോഷ്യൽ കണ്ടിഷനിങ് നു ചെറുപ്പം മുതൽ വിധേയ രാവുന്ന നമ്മൾ പലപ്പോഴും ചിന്തിക്കുന്നത് ആൺതലച്ചോറ് കൊണ്ടാണ്.. കുടുംബം എന്ന യൂണിറ്റ് നെ അടിസ്ഥാന പെടുത്തിയാണ്.. പുരുഷനെ പോലെ അല്ലെങ്കിൽ അതിലും മനോഹരമായി സ്വപ്നം കാണാനും നടപ്പിലാക്കാനും നമ്മൾ ഒരു സ്വതന്ത്ര വ്യക്തി ആണ് എന്ന ഒരൊറ്റ ചിന്താ ഗതി സഹായിച്ചേക്കും.ഒരു സ്ത്രീ ആണ് എന്നത് കൊണ്ട് സ്വന്തം പേര് അറിയപ്പെടാൻ കിട്ടുന്ന ചെറുതോ വലുതോ ആയ ഒരു അവസരവും പാഴാക്കാതെ ഇരിക്കുക.. അതിനി സ്വന്തം കുഞ്ഞിന് പേരിടുന്നതിൽ ആയാലും ജീവിത വിജയങ്ങൾ നേടുന്നതിൽ ആയാലും..മാറ്റാരെക്കാളും നിങ്ങൾ അത് അർഹിക്കുന്നുണ്ട്..എല്ലാ അരുണുമാർക്കും ഇതു മനസിലാവാണമെന്നില്ല..ഇനി മനസ്സിലാക്കിയവരെ പാവാട എന്ന് വിളിച്ചു കളിയാക്കാനും സമൂഹം മടിക്കില്ല. ഇനി ആർക്കും മനസ്സിലായില്ലെങ്കിലും എല്ലാ അവസരങ്ങളിലും അച്ഛനെ പോലെ തുല്യമായി പരിഗണിക്കപെടുന്നുണ്ടെന്ന് ഉറപ്പിക്കാൻ ഓരോ അമ്മയ്ക്കും കഴിയണം.തുല്യ നീതിയും തുല്യ അവസരങ്ങളും പലപ്പോഴും ചോദിച്ചു തന്നെ വാങ്ങേണ്ടി വരും..