ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടം, മൂന്ന് മരണം

ചെന്നൈ : ബാറിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് മരണം. തമിഴ്‌നാട്ടിലെ ആല്‍വാര്‍പേട്ടില്‍ ആണ് സംഭവം. ഒന്നാം നിലയുടെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ബാറിന്റെ പ്രവര്‍ത്തന സമയത്തിലായിരുന്നു അപകടം.

ബാറിനോട് ചേര്‍ന്ന് മെട്രോയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്നുണ്ടായിരുന്നു. ഇതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പത്തനംതിട്ട തുമ്പമണ്ണിൽ കണ്ടെയ്നര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് മരിച്ചത്.

ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.