ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു, ഭാമ പറയുന്നു

കുറച്ച് ദിവസങ്ങളായി തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ വെറും കെട്ടു കഥകളാണെന്ന് നടി ഭാമ. പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്നും താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നു എന്നും ഭാമ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ.. ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി.’- ഭാമ പറഞ്ഞു.

അതേസമയം ദിലീപിന്റെ വീട്ടില്‍ ഏഴ് മണിക്കൂര്‍ നീണ്ട റെയ്ഡ് ആണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്നലെ നടത്തിയത്. ഉച്ചയോടെ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ എത്തിയ ക്രൈം ബ്രാഞ്ച് സംഘം രാത്രി ഏഴ് മണിയോടെയാണ് മടങ്ങിയത്. ദലീപിന്റെ പേഴ്സണല്‍ ഫോണും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. പേഴ്സണല്‍ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഇത് നല്‍കാന്‍ ദിലീപ് തയ്യാറായില്ല. തുടര്‍ന്ന് അഭിഭാഷകയുടെ സാന്നിധ്യത്തില്‍ എഴുതി നല്‍കിയതിനു ശേഷമാണ് ദിലീപ് മൊബൈല്‍ കൈമാറിയത്. മൂന്നു മൊബൈല്‍ ഫോണുകള്‍, രണ്ട് ഐപാഡ്, ഒരു ഹാര്‍ഡ് ഡിസ്‌ക്ക്, ഒരു പെന്‍ഡ്രൈവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന വിവരങ്ങള്‍ ഇന്ന് കോടതിയെ അറിയിക്കും.