ആര്‍ത്തലച്ച് എത്തിയ വെള്ളം കൊണ്ടുപോയത് അച്ഛനും അമ്മയും ഉള്‍പ്പെടെ 31 ബന്ധുക്കളെ, വീടിരുന്ന സ്ഥലം പോലും തിരിച്ചറിയാനാകാതെ ഭാനുപ്രിയ

പെട്ടിമുടിയില്‍ ആര്‍ത്തലച്ച് വന്ന മലവെള്ളത്തില്‍ അവശേഷിക്കുന്നവര്‍ക്ക് സല്‍വതും നഷ്ടപ്പെട്ടവരാണ്. അവശേഷിച്ചവര്‍ക്ക് യാതൊന്നും ബാക്കി വയ്ക്കാതെയാണ് ദുരന്തം ഒഴുകി എത്തിയത്. 25കാരിയായ ഭാനുപ്രിയയുടെ അവസ്ഥയും മറ്റൊന്നല്ല. തന്റെ ഒപ്പം ഉണ്ടായിരുന്ന താങ്ങും തണലുമായിരുന്നവര്‍ ഇന്നില്ല. ഭാമുപ്രിയയുടെ ഉറ്റവരെയും വീടും വരെ ആ മലവെള്ളപ്പാച്ചില്‍ വിഴുങ്ങി. അച്ഛന്‍ അനന്തശിവന്‍, അമ്മ വേലുത്തായി, സഹോദരന്‍ ഭാരതിരാജ, ഭാര്യ രേഖ ഇവരുടെ രണ്ട് മക്കള്‍ എന്നിവരെയാണ് ഉരുള്‍പ്പൊട്ടലില്‍ കാണാതായത്.

അഞ്ച് വര്‍ഷം മുമ്പാണ് വിവാഹ ശേഷം ഭാനുപ്രിയ പെട്ടിമുടിയോട് യാത്ര പറഞ്ഞത്. അന്ന് തൊഴുത അമ്പലത്തിന് മുന്നില്‍ നിന്ന് വീണ്ടും വിതുമ്പുകയാണ് അവള്‍. വിവാഹം കഴിഞ്ഞ് തഞ്ചാവൂരില്‍ ഭര്‍ത്താവിനൊപ്പം കഴിയുന്ന യുവതിയുടെ അടുത്ത ബന്ധുക്കളായ 25 പേരും ദുരന്തത്തില്‍ പെട്ടിട്ടുണ്ട്. ദുരന്തത്തില്‍ ഏറ്റവുമധികം ബന്ധുക്കളെ നഷ്ടമായത് ഭാനുപ്രിയക്കാണ്.

തന്റെ ബന്ധുക്കളെ എല്ലാവരെയും വെള്ളം കൊണ്ടുപോയി. വീടും. വീട് ഇരുന്ന സ്ഥലം പോലും ഭാനുപ്രിയയ്ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം തഞ്ചാവൂരിലാണ് ഭാനുപ്രിയ താമസിക്കുന്നത്. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് അച്ഛനും അമ്മയും തഞ്ചാവൂരിലെ തങ്ങളുടെ വീട്ടില്‍ എത്തിയിരുന്നു എന്ന് ഭാനുപ്രിയ പറയുന്നു. കോവി മാറിയ ശേഷം വീട്ടിലേക്ക് തിരികെ വരാനിരിക്കുകയായിരുന്നു.

തഞ്ചാവൂരില്‍ ആയിരുന്ന ഭാനുപ്രിയ ദുരന്ത വാര്‍ത്ത അറിയുന്നത് തമിഴ് ചാനല്‍ വഴിയാണ്. ഏവരെയും ഭാനുപ്രിയ മാറി മാറി വിളിച്ചു. എന്നാല്‍ ആരുടെയും ഫോണ്‍ റിംഗ് ചെയ്യുന്നില്ല. ആരെയും ബന്ധപ്പെടാനാകുന്നില്ല. ഈ സമയം ബന്ധുക്കളില്‍ ഭൂരിഭാഗവും മണ്ണിനടിയില്‍ ആയിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഭര്‍ത്താവിനൊപ്പം വെള്ളിയാഴ്ച വൈകുന്നേരം ചിന്നാര്‍ അതിര്‍ത്തിയില്‍ എത്തിയെങ്കിലും വാഹനം കടത്തി വിട്ടില്ല.

തുടര്‍ന്ന് അവിടെ നിന്ന് നടക്കാന്‍ ഭാനുപ്രിയ തീരുമാനിച്ചു. ആറ് കിലോമീറ്റര്‍ ഇപ്പുറെ വീണ്ടും പോലീസ് തടഞ്ഞ് തിരിച്ചയച്ചു. ഒടുവില്‍ ശനിയാഴ്ച ഉച്ചയോടെയാണ് പ്രവേശനാനുമതി ലഭിച്ചത്. രാത്രിയോടെ പെട്ടിമുടിയില്‍ എത്തിയപ്പോഴേക്കും ഒന്നും കാണാനുണ്ടായിരുന്നില്ല. ചെളിക്കുണ്ടായി മാറിയ വീടും സ്ഥലവും. വീട് ഇരുന്ന സ്ഥലം പോലും തിരിച്ചറിയാന്‍ ഭാനുപ്രിയയ്ക്ക് സാധിച്ചില്ല. ഭാനുപ്രിയയുടെ അടുത്ത ബന്ധുക്കളായ 25 പേരും ദുരന്തത്തില്‍ അകപ്പെട്ടു.