പോറ്റി വളര്‍ത്തിയ യജമാനനെ തിരക്കി നായ, പെട്ടിമുടിയിലെ നൊമ്പരക്കാഴ്ച

മൂന്നാര്‍:മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിലടിയിലായവരെ ഇനിയും കണ്ടെത്താനുണ്ട്. മണ്ണില്‍ പുതച്ച് കിടക്കുന്നവരെ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ നടക്കുകയാണ്. സഹജീവികളെ തേടി ഉറ്റവരെ ഓര്‍ത്ത് വിലപിക്കുന്നവരുടെ കാഴ്ചയാണ് പെട്ടിമുടിയില്‍ നിന്നും കാണാനുള്ളത്.എവിടെ തിരിഞ്ഞാലും സങ്കടപ്പെടുത്തുന്ന കാഴ്ചകളാണ്.മനുഷ്യന്‍ മാത്രമല്ല മൃഗങ്ങളും തങ്ങളുടെ ഉറ്റവരെ തേടുകയാണ്.

തന്റെ യജമാനനെയും തനിക്ക് സംരക്ഷണമേകിയിരുന്ന വീടും തേടി നടക്കുന്ന നായയും പെട്ടിമുടിയില്‍ നിന്നുള്ള നൊമ്പര കാഴ്ച ആവുകയാണ്.മൂന്ന് ദിവസമായി ആര്‍ത്തലച്ച് എത്തിയ ഉരുളില്‍ മറഞ്ഞ് പോയ വീടുകള്‍ക്ക് മുകളിലെ ചെളിയില്‍ നോക്കി ഇരുപ്പാണ് നായ.ഇക്കാലം വരെ തന്നെ നോക്കി തനിക്ക് ഭക്ഷണം നല്‍കിയ വീട്. തന്റെ യെജമാനന്‍ എല്ലാം മണ്ണിനടിയില്‍ എവിടെയോ ഉണ്ടെന്ന നിലയില്‍ തിരഞ്ഞ് നടക്കുകയാണ് നായ.

ചുറ്റിനും ചെളിയും കല്ലുകളുമാണ് മാത്രമല്ല നിരവധി മനുഷ്യരും.ഉയരുന്ന കരച്ചിലുകളും ബഹളങ്ങളും ഇതിനെയൊന്നും വക വയ്ക്കാതെ മറ്റ് എല്ലാവരെയും പോലെ തതന്നെ തന്റെ പ്രിയപ്പെട്ടവര്‍ക്കായി ഓടി നടന്ന് തിരച്ചില്‍ നടത്തുകയാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഈ നായ.മലവെള്ളപ്പാച്ചിലില്‍ എല്ലാം ഒ!ലിച്ച് പോയപ്പോള്‍ ഇത്തരം കാഴ്ചകളാണ് ഏവരെയും നൊമ്പരപ്പെടുത്തുന്നത്.

അതേസമയം പെട്ടിമുടിയിലെ മണ്ണില്‍നിന്ന് പിഞ്ചുകുഞ്ഞിന്റേതടക്കം 17 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.ഇതോടെ 43 പേരുടെ മരണം സ്ഥിരീകരിച്ചു. മണ്ണിനടിയില്‍ മനുഷ്യസാന്നിധ്യം മണത്തറിയാന്‍ കഴിവുള്ള പോലീസ് നായ്ക്കളുടെ സഹായത്തോടെയാണു തെരച്ചില്‍ നടത്തുന്നത്.ദുരന്തത്തില്‍പ്പെട്ട 28 പേരെ മൂന്നാം ദിവസമായ ഇന്നലെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

അഞ്ചുമാസം പ്രായമായ ആണ്‍കുട്ടിയുടെ മൃതദേഹമാണ് ഇന്നലെ അവസാനമായി കണ്ടെടുത്തത്. ദുരന്തനിവാരണ സേനയും ഫയര്‍ ആന്‍ഡ് റെസ്‌ക്യു അംഗങ്ങളും എട്ടു സംഘങ്ങളായി തിരിഞ്ഞാണു തെരച്ചില്‍ നടത്തുന്നത്.ലയങ്ങളിരുന്ന പ്രദേശത്തെ മണ്ണു നീക്കിയാണ് ആദ്യ രണ്ടു ദിവസം തെരച്ചില്‍ നടത്തിയത്. ഇന്നലെ അതു മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു.മൂന്നു മൃതദേഹങ്ങള്‍ പുഴയില്‍നിന്നാണു ലഭിച്ചത്. ഒഴുക്കില്‍പ്പെട്ട മൃതദേഹങ്ങള്‍ രണ്ടു കി.മീ.അകലെ കെ.ഡി.എച്ച്.പി. കമ്പനിയുടെ താഴ്ഭാഗത്തുനിന്നാണു ലഭിച്ചത്. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയ നിലയിലാണ്

അതേസമയം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ആലപ്പുഴയില്‍ നിന്നുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റ് അംഗത്തിനു കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കി.നേരത്തേ ശേഖരിച്ച സാമ്പിളിന്റെ ഫലമറിഞ്ഞതോടെ അദ്ദേഹത്തെ ആംബുലന്‍സില്‍ തിരിച്ചയച്ചു. അദ്ദേഹം അംഗമായ യൂണിറ്റിലെ മറ്റുള്ളവരെയും തിരിച്ചയച്ചു.