ബിജെപി സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസിലെ ഉന്നതനും: അവസാന നിമിഷം അപ്രതീക്ഷിത ട്വിസ്റ്റുണ്ടാക്കാൻ ബിജെപി

ന്യൂഡെൽഹി: സ്ഥാനാർഥി പട്ടിക വൈകുന്നതിനിടെ കോൺഗ്രസിലെ ഉന്നതരെ ലക്ഷ്യമാക്കി ബിജെപി പാളയം. സംസ്ഥാന സമിതികൾ പാസാക്കിയ സ്ഥാനാർഥി പട്ടിക സമർപ്പിച്ചിട്ടും കേന്ദ്ര നേതൃത്വം ഇത് അംഗീകരിക്കാൻ തയാറായിട്ടില്ല. ഇന്ന് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനകൾ പുറത്തു വരുമ്പോഴും സംസ്ഥാന നേതൃത്വം അറിയാത്ത ചില നീക്കങ്ങളഅ് കേന്ദ്ര നേതൃത്വം തയാറാക്കുന്നുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്.

കോൺഗ്രസ് നേതാവ് ടോം വടക്കന്‍റെ അപ്രതീക്ഷിത വരവോടെയാണ് ഈ നീക്കങ്ങൾക്ക് തുടക്കമായത്. സീറ്റ് നഷ്ടമായ ഒരുപിടി നേതാക്കൾ കോൺഗ്രസിനു കേരളത്തിലുണ്ട്. ഇവരിൽ ഉന്നതരായ ചിലർക്ക് വേണ്ടി ബിജെപി കേന്ദ്ര നേതൃത്വം വലവിരിച്ചു കഴിഞ്ഞതായിട്ടാണ് സൂചന. ലോക്സഭാ സ്ഥാനാർഥി സീറ്റ് കൂടാതെ പാർട്ടിയിൽ ഉന്നത സ്ഥാനങ്ങളും സാമ്പത്തികവും ഓഫർ ചെയ്തയിട്ടും റിപ്പോർട്ടുകളുണ്ട്.

ഡെൽഹി കേന്ദ്രീകരിച്ച് ഇതിനായി വൻ നീക്കങ്ങളും ബിജെപി നേതൃത്വം നടത്തുന്നുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ ബിജെപി സംസ്ഥാന നേതാക്കൾക്ക് അറിവുള്ളതല്ല. ടോം വടക്കന്‍റെ വരവ് പോലും സംസ്ഥാന നേതാക്കൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ഇതോടെ ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന ബിജെപി സ്ഥാനാർഥി പട്ടികയിൽ കിടിലൻ സർപ്രൈസിനുള്ള സാധ്യതയും കാണുന്നുണ്ട്.

ഇന്ന് ഉച്ചക്ക് പാർലമെന്‍ററി ബോർഡ് യോഗം ചേർന്ന് സംസ്ഥാന ഘടകം സമർപ്പിച്ച പട്ടിക ചർച്ച ചെയ്യും. പട്ടികയിൽ കാര്യമായ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് അപ്രതീക്ഷിത ട്വിസ്റ്റിനുള്ള സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പത്തനംതിട്ട സീറ്റ് സംബസിച്ചാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്.

ഇതിനിടെ എം ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരും താൽപ്പര്യമുള്ള മണ്ഡലങ്ങൾ ലഭിച്ചില്ലെങ്കിൽ മത്സരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. കേന്ദ്ര നേത്രത്വം മറിച്ചൊരു നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഇവർ സംഘടനാ രംഗത്ത് തുടരാനാണ് സാധ്യത.