പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധവും ജനവിരുദ്ധവും, കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

കൊച്ചി. പൗരത്വഭേദഗതി നിയമം ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം അത് നടപ്പാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. അതു തന്നെയാണ് ഇപ്പോഴും ആവര്‍ത്തിച്ച് പറയാനുള്ളത്. ഈ നിലപാട് എല്ലാ തലത്തിലും ഉറപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. അതിനാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഒറിജിനല്‍ സ്യൂട്ട് ഫയല്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതാണ് നിയമം.വിഭജനരാഷ്ട്രീയത്തിലൂടെ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള സംഘപരിവാറിന്റെ ഹീനമായ നീക്കമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യ എന്ന ആശയത്തിനുള്ള വെല്ലുവിളിയാണ് എല്ലാ അര്‍ഥത്തിലും സിഎഎ.

മുസ്ലീം ന്യൂനപക്ഷത്തെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നു. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.