ചൈനയിൽ പടർന്നു പിടിച്ച ശ്വാസകോശ രോഗം, ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി : ചൈനയിൽ ശ്വാസകോശ രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കർണാടക, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കേന്ദ്രസർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി എത്തുന്നവരെക്കുറിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്ക് നിർദ്ദേശമുണ്ട്.

ചുമയ്‌ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുക, ഇടയ്‌ക്കിടെ കൈ കഴുകുക, മുഖം തൊടുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കുക എന്നിവയും പുതിയ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു. കുട്ടികളിലെ ശ്വാസകോശ രോഗങ്ങൾ നിരീക്ഷിക്കണമെന്നും ആശങ്കയില്ലെങ്കിലും കരുതൽ വേണമെന്നും നിർദ്ദേശമുണ്ട്.

ചൈനയിൽ ന്യുമോണിയയ്‌ക്ക് സമാനമായ അസുഖം കുട്ടികളിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം. ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. നിലവിൽ രാജ്യത്ത് രോഗസാധ്യതയില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ചൈനയിൽ കുട്ടികളിൽ വളരെ വേഗത്തിലാണ് ശ്വാസകോശ രോഗവും ഇൻഫ്ളുവൻസയും പടർന്ന് പിടിക്കുന്നത്.