എഴുപതു വയസ്സായി ഇയാള്‍ക്ക്, 30 വര്‍ഷമായി പൊതുപ്രവര്‍ത്തകനാണത്രെ, പിസി ജോര്‍ജിനെതിരെ ചിന്നു ചാന്ദിനി

പിസി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ചിന്നു ചാന്ദിനി. നടിയെ ആക്രമിച്ച കേസില്‍ പിസി ജോര്‍ജ് നടിയെ അപമാനിച്ച സംഭവത്തിന് എതിരെയാണ് ചിന്നു ചാന്ദ്‌നിയുെട പ്രതികരണം. ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് അബ്യൂസിനെ അതിജീവിച്ച നടിയ്ക്കെതിരെ പിസി ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്. പി.സി. ജോര്‍ജിനെ പോലുള്ള ആളുകളോട് അഭിപ്രായം ചോദിക്കാന്‍ ചാനലുകള്‍ ഇപ്പോഴും വിളിക്കുന്നണ്ടല്ലോ എന്ന് ചിന്നു ചാന്ദിനി പ്രതികരിച്ചു.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ സ്റ്റോറിയിലൂടെയായിരുന്നു പി.സി. ജോര്‍ജ് നടിയെ ആക്രമിച്ച വിഷയത്തില്‍ നടത്തിയ പ്രതികരണം പങ്കുവെച്ച് ചിന്നു നിലപാട് വ്യക്തമാക്കിയത്. ‘എഴുപതു വയസ്സായി ഇയാള്‍ക്ക്. 30 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുള്ള ആളാണത്രെ. അത്യന്തം മാന്യമായി നടക്കേണ്ട ചാനല്‍ പരിപാടികളിലേക്കാണ് അഭിപ്രായം ചോദിക്കാന്‍ ഇയാളെ പോലുള്ളവരെ നിരന്തരം ക്ഷണിക്കുന്നത്,’ ചിന്നു ചാന്ദിനി പറഞ്ഞു.

പി.സി ജോര്‍ജ് പ്രതികരിക്കുന്ന വീഡിയോ പങ്കുവച്ചു കൊണ്ടാണ് നടിയുടെ വിമര്‍ശനം. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 20ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാണ് വിചാരണക്കോടതിയുടെ നിര്‍ദ്ദേശം.