ചിറ്റയം ഗോപകുമാര്‍ ഇനി എംഎല്‍എ മാത്രമല്ല സിനിമ താരം കൂടിയാണ്

 

ഇനി ചിറ്റയം ഗോപകുമാര്‍ അടൂരിന്റെ എംഎല്‍എ മാത്രമല്ല, സിനിമാതാരം കൂടിയാണ്. ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത മിസ്റ്റര്‍ പവനായി എന്ന ചിത്രത്തിലാണ് ചിറ്റയം അഭിനയിച്ചിരിക്കുന്നത്.

നടന്‍ വിജയരാഘവന്റെ മകന്‍ ദേവദേവനാണ് ചിത്രത്തിലെ നായകന്‍. ബാങ്ക് മാനേജരുടെ വേഷമാണ് ചിത്രത്തില്‍ ചിറ്റയത്തിന്. നായകന്‍ ബാങ്കില്‍ വരുത്തിയ വായ്പാ കുടിശ്ശികയെക്കുറിച്ച് നായകനോട് ക്ഷേത്ര നടയില്‍ വച്ചു സംസാരിക്കുന്നതാണ് ചിറ്റയം അഭിനയിച്ച സീന്‍. സിനിമാ അഭിനയം അത്ര പാടുള്ളതല്ലെന്നാണ് ചിറ്റയം പറയുന്നത്. കൊടുമണ്‍ ഐക്കാട് ചൂരക്കുന്നില്‍ മലനട ക്ഷേത്രത്തില്‍ വച്ചാണ് ചീത്രീകരണം നടന്നത്.

ഈ സിനിമയുടെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം പത്തനംതിട്ടയില്‍ വച്ച് നിര്‍വഹിച്ചത് ചിറ്റയമായിരുന്നു. അപ്പോഴാണ് ക്യാപ്ടന്‍ രാജുവിനോട് സിനിമയില്‍ അഭിനയിക്കാനുള്ള അഗ്രഹം പ്രകടിപ്പിച്ചത്. അങ്ങനെയാണ് സിനിമാതാരം കുഞ്ചന് നല്‍കാന്‍ വച്ചിരുന്ന വേഷം അടൂരിന്റെ എംഎല്‍എയ്ക്കു നല്‍കുന്നത്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം ശാസ്ത്ര സിനിമയായ ആകാശങ്ങള്‍ക്കപ്പുറമാണ്.