സ്‌കൂളില്‍ സ്റ്റാഫ് കൗണ്‍സില്‍ ചേരുന്നതിനിടെ അധ്യാപകര്‍ തമ്മില്‍ സംഘര്‍ഷം, ഏഴ് പേര്‍ക്ക് പരിക്ക്

കോഴിക്കോട്. സ്‌കൂളില്‍ സ്റ്റാഫ് കൗണ്‍സില്‍ ചേരുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. കോഴിക്കോട് എരവന്നൂര്‍ എയുപി സ്‌കൂളിലാണ് സംഘര്‍ഷം. എന്‍ടിയു ഉപജില്ലാ ട്രഷററും സ്‌കൂളിലെ അധ്യാപികയുമായ സുപ്രീന, ഇവരുടെ ഭര്‍ത്താവ് ഷാജി ഇതേ സ്‌കൂളിലെ മറ്റ് അധ്യാപകരായ പി ഉമ്മര്‍, വീ വീണ, കെ മുഹമ്മദ് ആസിഫ്, അനുമപ, ജസ്ല എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ സുപ്രീനയെയും മകനെയും വീട്ടിലേക്കു കൂട്ടി കൊണ്ടു പോകാന്‍ എത്തിയതായിരുന്നു മറ്റൊരു സ്‌കൂളിലെ അധ്യാപകനായ ഷാജി. യോഗത്തിനിടെ ഇയാള്‍ അക്രമിച്ചെന്നാണ് മറ്റ് അധ്യാപകരുടെ പരാതി. എന്നാല്‍ തങ്ങളെ ആക്രമിച്ചുവെന്നാണ് ഷാജിയും സുപ്രീനയും പറയുന്നത്.