അയല്‍വീട്ടിലെ നായ കടിച്ചു പേവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു.

 

പാലക്കാട്/ അയല്‍വീട്ടിലെ നായയുടെ കടിയേറ്റ് പേവിഷബാധ ഉണ്ടായി ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി (18) ആണ് മരണപ്പെട്ടത്. കോയമ്പത്തുര്‍ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു.

മെയ് 30ന് രാവിലെ കോളേജിലേക്ക് പോകുന്ന വഴി അയല്‍വീട്ടിലെ നായ പിന്നാലെ ഓടിയെത്തി ശ്രീലക്ഷ്മിയെ കടിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച എല്ലാ വാക്‌സിനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു.

രണ്ട് ദിവസം മുന്‍പ് പനി ബാധിച്ചു സ്വകാര്യ ക്ലിനിക്കില്‍ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ ഉള്ളതായി സ്ഥിരീകരിക്കുന്നത്. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിൽ ചികില്‍സ നടത്തിയിരുന്നെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെ മരിച്ചു. അമ്മ സിന്ധു. സഹോദരങ്ങള്‍ സനത്ത്, സിദ്ധാര്‍ത്ഥന്‍.