കൂട്ടുകെട്ടില്‍ ജാഗ്രതയില്ല, ദല്ലാള്‍ നന്ദകുമാറുമായുള്ള കൂട്ടുകെട്ടിൽ ജയരാജനെ തള്ളി പിണറായി

കണ്ണൂര്‍ : ദല്ലാള്‍ നന്ദകുമാറുമായുള്ള കൂട്ടുകെട്ടിൽ ഇ പി ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘പാപിയുടെകൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും’ എന്നായിരുന്നു മുഖ്യന്റെ പ്രതികരണം. ജയരാജന്റെ പ്രകൃതം എല്ലാവർക്കും അറിയാമല്ലോ, എല്ലാവരുമായും സുഹൃദ്ബന്ധം വെക്കുന്നയാളാണ് ജയരാജൻ.

ജയാരജൻ ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്ന് നേരത്തെ തന്നെ ഉള്ള ഒരു അനുഭവമാണ്. ജാവദേക്കറെ കാണുന്നതിൽ എന്താ തെറ്റ്? തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ഘട്ടത്തിൽ തന്നെ ജാവദേക്കറോട് ഞാൻ പറഞ്ഞു, നിങ്ങൾ പരമാവധി ശ്രമം നടത്തുകയാണല്ലേ, നമുക്ക് കാണാം എന്ന്. പരസ്യമായി പറഞ്ഞ കാര്യമാണിത്. അത്തരത്തിലുള്ള ആളുകളെ കാണുന്നതിലോ സംസാരിക്കുന്നതിലോ പിശകുണ്ട് എന്ന് കരുതുന്നില്ല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഇ.പി ജയരാജൻ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗവും എൽ.ഡി.എഫ് കൺവീനറുമാണ്. പതിറ്റാണ്ടുകളായ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം ഏതൊരു കമ്യൂണിസ്റ്റുകാരനെയും പോലെ വലിയ തോതിലുള്ള പരീക്ഷണ ഘട്ടങ്ങൾ കടന്നുവന്നതാണ്. അദ്ദേഹത്തെ ലക്ഷ്യംവെച്ച് നടത്തിയ ഈ ആക്രമണം സി.പി.എമ്മിനെതിരെയും എൽ.ഡി.എഫിനെതിരെയും ഉന്നംവെച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.