അയര്‍ക്കുന്നത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയം: അയര്‍ക്കുന്നത് യുവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. അയര്‍കുന്നം അമയന്നൂര്‍ ഇല്ലിമൂല പതിക്കല്‍താഴെ സുധീഷ് (36), ഭാര്യ ടിന്റു (33) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്നാണ് പോലീസ് നിഗമനം. വിദേശത്തായിരുന്ന സുധീഷ് ഒന്നര മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ എത്തിയത്.

ടിന്റു അയര്‍ക്കുന്നത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. ടിന്റുവിനെയും മകന്‍ സിദ്ധാര്‍ത്ഥിനെയും വിദേശത്തേക്ക് കൊണ്ടുപോകാനായി എത്തിയത് എന്നായിരുന്നു സുധീഷ് ബന്ധുക്കളോട് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട പേപ്പറുകള്‍ ശരിയാക്കാന്‍ തിരുവനന്തപുരത്ത് പോകുകയാണെന്ന് പറഞ്ഞ് ചൊവ്വാഴ്ച ഇവര്‍ വീട്ടില്‍ നിന്നും പോയി. അയമന്നൂരില്‍ താമസിക്കുന്ന സഹോദരന്‍ ഗിരീഷിന്റെ വീട്ടില്‍ ആറു വയസ്സുള്ള സിദ്ധാര്‍ത്ഥിനെ ആക്കിയിട്ടാണ് ദമ്പതികള്‍ പോയത്.

പിന്നീട് ഗിരീഷിന്റെ മാതാവിനെ ഫോണ്‍ വിളിച്ച് തങ്ങള്‍ തിരുവനന്തപുരത്ത് എത്തിയെന്നും മുറിയെടുത്തെന്നും പറഞ്ഞു. വ്യാഴാഴ്ച രാവിലെ തിരികെ എത്തുമെന്നും പറഞ്ഞു. ബുധനാഴ്ച ടിന്റുവിന്റെ പിതാവ് ഇരുവരെയും ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. തുടര്‍ന്ന് സുധീഷിന്റെ ചേട്ടനുമായി ബന്ധപ്പെട്ടു.

ഇതോടെ സുധീഷിന്റെ മാതാവ് കുഞ്ഞമ്മണി വ്യാഴാഴ്ച രാവിലെ ഇവര്‍ താമസിക്കുന്ന വീട്ടിലെത്തി വിളിച്ചെങ്കിലും കതക് തുറന്നില്ല. എന്നാല്‍, അകത്ത് ലൈറ്റ് തെളിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. അയല്‍വാസികളെത്തി കതക് തകര്‍ത്ത് അകത്തുകയറി പരിശോധിച്ചപ്പോള്‍ സുധീഷ് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ വിവരം അറിയിച്ചതനുസരിച്ച് അയര്‍കുന്നം പൊലീസെത്തി പരിശോധിച്ചപ്പോള്‍ ടിന്റുവിന്റെ മൃതദേഹവും കണ്ടെത്തി. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയശേഷം സുധീഷ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് നിഗമനം. ജില്ല പൊലീസ് ചീഫ് ഡി. ശില്‍പയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. സയന്റിഫിക് വിദഗ്ധരും എത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് സുധീഷ് എഴുതിയ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. ഭാര്യയുമായുള്ള കുടുംബപ്രശ്‌നങ്ങളാണ് മരണകാരണമായി ഇതില്‍ പറഞ്ഞിരിക്കുന്നത്.