കൊവിഡ്: ചാലിശ്ശേരി പൊലീസ് സ്റ്റേഷനിലെ 10 ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു

ചാലിശ്ശേരി പൊലീസ് സ്റ്റേഷനിൽ കോവിഡ് വ്യാപനം അതിതീവ്രമായി. നിലവിൽ സ്റ്റേഷനിലെ 10 ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുൻപ് മൂന്ന് ഉദ്യോഗസ്ഥർക്കും കഴിഞ്ഞ ദിവസം നടത്തിയ ആർടിപിസിആർ ടെസ്റ്റിൽ 7 ഉദ്യോഗസ്ഥർക്കുമാണ് കൊവിഡ് പോസിറ്റീവ് ആയത്.

അതേസമയം സംസ്ഥാനത്തെ പൊലീസ് സേനയിലെ കൊവിഡ് വ്യാപനത്തിൽ പൊലീസ് മേധാവിക്ക് പൊലീസ് അസോസിയേഷൻ ഇന്നലെ കത്തയച്ചു. കൊവിഡ് വ്യാപനം ആഭ്യന്തര സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. അടിയന്ത്ര ഘട്ടങ്ങളിൽ ഒഴികെ വാഹന പരിശോധന ഒഴിവാക്കണണെന്നും പൊതുജനങ്ങൾ പരാതികൾ പരമാവധി ഓൺലൈൻ വഴി സമർപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ പൊലീസ് സേനയിലെ കൊവിഡ‍് ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് അസോസിയേഷൻ ഇടപെടൽ. ​ഗർഭിണികളും, രണ്ട് വയസിൽ താഴെയുള്ള കുട്ടികളുള്ള വനിതാ പൊലീസുകാരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നും പൊലീസ് അസോസിയേഷൻ അയച്ച കത്തിൽ പറയുന്നു. ​ഗുരുതര രോ​ഗമുള്ളവരെ ഡ്യൂട്ടിക്ക് നിയോ​ഗിക്കരുതെന്നും അടിയന്തര സ്വഭാവമില്ലാത്ത സ്ക്വാഡിലുള്ളവരെ സ്റ്റേഷൻ ഡ്യൂട്ടിക്ക് നിയോ​ഗിക്കണമെന്നും പൊലീസ് അസോസിയേഷൻ ആവശ്യപ്പെടുന്നു.