ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. ഇതുസംബന്ധിച്ച്‌ ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി ഇന്ന് ഉത്തരവിറക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആറു ദിവസത്തേക്കായിരുന്നു കഴിഞ്ഞ ആഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം നാളെ ലോക്ക്ഡൗണ്‍ അവസാനിക്കേണ്ടതാണ്. എന്നാല്‍ രോഗികളുടെ എണ്ണവും മരണങ്ങളും കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തല്‍ക്കാലത്തേക്ക് മാറ്റില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് രാജ്യതലസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. 24,000ത്തിലധികം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1.77 ലക്ഷത്തിലേറെ രോഗികളും, 1500ലേറെ മരണങ്ങളും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ പല ആശുപത്രികളിലും ഇപ്പോഴും ഓക്സിജന്‍ ലഭ്യമല്ല.