കൊവിഡ്: 3-ാം തരംഗം സ്ഥിരീകരിച്ചു, മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണ്‍, അതീവ ജാഗ്രതയിൽ രാജ്യം

പ്രതീക്ഷിച്ചത് പോലെ രാജ്യത്ത് കൊറോണയുടെ മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ എൻ അറോറ. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുന്ന സാഹചര്യത്തിൽ മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ സാഹചര്യം വിലയിരുത്താൻ ലഫ്റ്റണന്റ് ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിൽ ഇന്ന് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഇനി മുതൽ പകുതി ജീവനക്കാർ മാത്രമായി ആയിരിക്കും പ്രവർത്തിക്കുക. അതേസമയം, ഭാരത് ബയോടെക്കിന്റെ ഇൻട്രാനേസൽ വാക്സീൻ ബൂസ്റ്റർ ഡോസിനായി പരിഗണിക്കണമെന്ന അപേക്ഷ ഇന്ന് ഡിസിജിഐ വിദഗ്ധ സമിതി പരിശോധിക്കും. കോവാക്‌സിനോ കോവിഷീൽഡോ സ്വീകരിച്ചവർക്ക് മൂന്നാം ഡോസായി ഈ വാക്സിൻ നൽകണമെന്നാണ് കമ്പനിയുടെ അപേക്ഷ.