ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജന്മനാട്ടിലെത്തിയ്ക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മൃതദേഹം റെഡ് ക്രോസ് അന്താരാഷ്ട്ര സമിതിയ്ക്ക് താലിബാന്‍ കൈമാറിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം മൃതദേഹം ഇന്ത്യയിലെത്തിയ്ക്കുമെന്നാണ് സൂചന. ഇതിനായുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ നടന്ന താലിബാന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി അഫ്ഗാന്‍ സൈന്യത്തിന് നേരെ നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. എന്നാല്‍ താലിബാന്‍ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ഇന്നലെ രാവിലെ നടന്ന ഏറ്റുമുട്ടിലിനിടെയാണ് സിദ്ദിഖി കൊല്ലപ്പെട്ടത്.

പുലിസ്റ്റര്‍ ജേതാവായ ഡാനിഷ് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയുടെ ഇന്ത്യയിലെ മള്‍ട്ടിമീഡിയ തലവനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. കഴിഞ്ഞ കുറച്ചുനാളായി കാണ്ഡഹാറില്‍ നിന്നാണ് ഡാനിഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. താന്‍ സഞ്ചരിച്ചിരുന്ന കാര്‍ താലിബാന്‍ ആക്രമിച്ചതിന്റെ വീഡിയോ കഴിഞ്ഞദിവസം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

അതേസമയം ഡാനിഷി കൊല്ലപ്പെട്ടതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ വക്താവ് സാബിനുള്ള മുജാഹിദ് വ്യക്തമാക്കിയിരുന്നു. താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സൈന്യത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഡാനിഷി കൊല്ലപ്പെട്ടത്. മാദ്ധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടാനിടയാക്കിയ ഏറ്റുമുട്ടലിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ല. അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്നും അറിയില്ലെന്ന് സാബിനുള്ള വിശദീകരിച്ചിരുന്നു.