പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം, നയാസിൻ്റെ ആദ്യ ഭാര്യയും രണ്ടാം പ്രതിയുമായ റജീന ഒളിവിൽ

തിരുവനന്തപുരം: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസിൽ നയാസിൻ്റെ ആദ്യ ഭാര്യയും രണ്ടാം പ്രതിയുമായ റജീന ഒളിവിൽ. ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. മരിച്ച ഷെമീറയെ അക്യുപങ്ചർ ചികിത്സക്ക് നയാസിൻ്റെ അദ്യ ഭാര്യ റജീനയും പ്രേരിപ്പിച്ചു എന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഇതോടെയാണ് ഗുരുതര വകുപ്പുകൾ ചുമത്തി റജീനയെ പ്രതി ചേർത്തത്. മനപ്പൂർവം അല്ലാത്ത നരഹത്യ, നവജാത ശിശുവിൻ്റെ മരണം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഒളിവിൽ പോയ റെജീനക്കായുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചു.

കേസിൽ പ്രതിയായ അക്യുപങ്ചർ തെറാപ്പിസ്റ്റായ ഷിഹാബുദ്ദീനെ കോടതി റിമാൻഡ് ചെയ്തു. അമ്മയുടെയും കുഞ്ഞിൻ്റെയും മരണത്തിൽ ഷിഹാബുദ്ദീൻ്റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

ശിഹാബുദ്ദീനും ഭാര്യയും നയാസിന്റെ വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. യുവതി മരിക്കുന്നതിന്റെ തലേദിവസവും വീട്ടിലെത്തി അക്യുപങ്ചർ ചികിത്സ നൽകിയിരുന്നു. അയൽവാസിയും ഇത് വ്യക്തമാക്കുന്നുണ്ട്.

രണ്ടാം പ്രതി റെജീനയെ പിടികൂടലാണ് പൊലീസിന്റെ അടുത്ത ലക്ഷ്യം. വിശദമായി ചോദ്യം ചെയ്യുന്നതിന് റിമാൻഡിൽ ആയ ശിഹാബുദ്ദീൻ ആയി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.