ശബരിമലയില്‍ ദേവപ്രശ്‌നം ഇന്നും തുടരും

ശബരിമല : ക്ഷേത്രാചാരങ്ങള്‍ക്കു വിരുദ്ധമായ കാര്യങ്ങള്‍ ശബരിമലയില്‍ നടക്കുന്നതായി ദേവപ്രശ്‌നം. ക്ഷേത്രസമീപത്തു മദ്യമെത്തുന്നത്‌ അധികൃതര്‍ തടയുന്നില്ലെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞു. സന്നിധാനത്തെ ഭസ്‌മക്കുളവും തീര്‍ത്ഥക്കുളവും മൂടിപ്പോയതില്‍ ദേവന്‌ അഹിതമുണ്ട്‌. അയ്യപ്പസ്വാമി നീരാടിയിരുന്ന കുളങ്ങള്‍ പുനഃസ്‌ഥാപിക്കണമെന്നു ദൈവജ്‌ഞര്‍ വ്യക്‌തമാക്കി.

പമ്പാ പരിസരത്തു ദേവതാസങ്കല്‍പത്തില്‍ ഗുരുതി നടത്തിയിരുന്നു. അതു നിര്‍ത്തിയതു വ്യവഹാരങ്ങള്‍ക്കു കാരണമാകുന്നു. മാളികപ്പുറത്തമ്മയും പ്രസന്നഭാവത്തിലല്ല. അയ്യപ്പസ്വാമിക്കു തുല്യം മാളികപ്പുറത്തമ്മയേയും ആരാധിക്കണം.

ക്ഷേത്രഭരണാധികാരികള്‍ തമ്മില്‍ കലഹിക്കുന്നതുമൂലം അപവാദങ്ങളുണ്ടാകുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ അര്‍പ്പണമനോ ഭാവത്തോടെ പ്രവര്‍ത്തിക്കാത്തതില്‍ ദേവന്‌ അഹിതമുണ്ട്‌. ക്ഷേത്രത്തിന്‌ അഗ്‌നിഭയമുണ്ട്‌. സര്‍പ്പനാശവുമുണ്ടായി. പമ്പയിലെ ശ്രീരാമപാദം മലീമസമാണ്‌. നിലവിലുള്ള ഭരണാധികാരികള്‍ക്കു സ്‌ഥാനഭ്രംശത്തിനും അപഖ്യാതിക്കും സാധ്യതയുണ്ട്‌. ഓരോ ഉത്സവങ്ങളിലും ദുര്‍നിമിത്തങ്ങളുണ്ടാകുന്നു. ക്ഷേത്രം പരിപാലിക്കേണ്ടവര്‍ പരസ്‌പരം കലഹിച്ച്‌ അപവാദമുണ്ടാക്കുന്നതായി താംബൂലപ്രശ്‌നത്തില്‍ തെളിഞ്ഞു. ശബരിമലയില്‍ ഭഗവാനു നിവേദ്യലോപമുണ്ട്‌.

നട തുറക്കുന്ന ദിവസങ്ങളില്‍ പാല്‍പായസവും എള്ളുപായസവും അത്താഴപൂജയ്‌ക്കു പാല്‍ നിവേദ്യവും നടത്തണം. ക്ഷേത്രത്തില്‍ വാസ്‌തുപ്രശ്‌നമുണ്ട്‌. മകരത്തിലെ ചടങ്ങിന്‌ ആന കൂടിയേതീരൂ. ശരംകുത്തി പവിത്രമായി സൂക്ഷിക്കണം. സത്രം ഭാഗത്ത്‌ ഒരു ക്ഷേത്രം തകര്‍ന്നു കിടപ്പുണ്ട്‌. അന്യാധീനപ്പെട്ട ഇവിടം സംരക്ഷിക്കപ്പെടുന്നില്ല. അവിടെ ഒരു വൈഷ്‌ണവക്ഷേത്രത്തിനും നാശം നേരിട്ടിട്ടുണ്ട്‌.

സന്നിധാനത്ത്‌ ശാന്തിക്കാര്‍ താമസിക്കുന്ന സ്‌ഥലം വൃത്തിഹീനമാണ്‌. ശബരിമലയില്‍ പ്രാഥമികാവശ്യങ്ങള്‍ക്കു സൗകര്യമില്ലാത്തതിനാല്‍ അമ്മമാര്‍ ദുഃഖിക്കുന്നു. ഗോശാല നില്‍ക്കുന്നിടത്തു പുറ്റോ സര്‍പ്പസാന്നിധ്യമോ ഉണ്ടായിരുന്നു. അതിനാല്‍ ഗോശാലയുടെ സ്‌ഥാനം മാറ്റണം. ക്ഷേത്രത്തില്‍ പടിത്തരമുണ്ടാകണം. ഭഗവാനു കളഭത്തിനു നല്ല ചന്ദനംതന്നെ ഉപയോഗിക്കണം.

പന്തളം കൊട്ടാരപ്രതിനിധികളെ ശത്രുക്കളെപ്പോലെ കാണുന്ന രീതിയുണ്ട്‌. അവര്‍ക്കു ധാര്‍മികാവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ ദേവന്‌ അഹിതമുണ്ട്‌. സന്നിധാനത്തു പന്തളം രാജപ്രതിനിധിയുടെ സ്‌ഥാനം ജിര്‍ണാവസ്‌ഥയിലാണ്‌. കൊട്ടാരത്തിലുള്ളവര്‍ തമ്മില്‍ ഭിന്നതയുണ്ട്‌. കൊട്ടാരത്തിലെ ദോഷപരിഹാരത്തിനു മഹാമൃത്യുഞ്‌ജയഹോമം നടത്തണമെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞു. മൂന്നുദിവസം നീളുന്ന അഷ്‌ടമംഗലദേവപ്രശ്‌നം കഴിഞ്ഞ 15-നാണ്‌ ആരംഭിച്ചത്‌. തന്ത്രി കണ്‌ഠരര്‌ മഹേഷ്‌ മോഹനര്‌ പൂജകള്‍ക്കു കാര്‍മികത്വം വഹിച്ചു.

ഇരിങ്ങാലക്കുട പത്മനാഭശര്‍മയാണു ദൈവജ്‌ഞന്‍. ജ്യോതിഷപണ്ഡിതരായ എരുവ വി.സി. ശ്രീനിവാസന്‍ പിള്ള, പുതുമന ഹരിദാസന്‍ നമ്പൂതിരി, മുടവൂര്‍പ്പാറ ഡോ. ഡി. ശിവകുമാര്‍, പൂക്കാട്‌ സോമന്‍ പണിക്കര്‍, പുത്തേടത്ത്‌ ഹരികൃഷ്‌ണശര്‍മ, ചോരോട്‌ ശ്രീനാഥ്‌ പണിക്കര്‍, പുതവാമന ഹരിദാസന്‍ നമ്പൂതിരിപ്പാട്‌, തിരിശ്ശേരി ജയരാജന്‍ പണിക്കര്‍ തുടങ്ങിയവരും പങ്കെടുത്തു. ദേവപ്രശ്‌നവിധികള്‍ ഉടന്‍ നടപ്പാക്കുമെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍ അറിയിച്ചു. ദേവപ്രശ്‌നം ഇന്നും തുടരും.