അഫ്ഗാനിസ്ഥാനിൽ സർക്കാർ നടത്തുന്ന അനുനയ നീക്കത്തെ അട്ടിമറിക്കാൻ നീക്കവുമായി ഐഎസ്

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാനുമായി സർക്കാർ നടത്തുന്ന അനുനയ നീക്കത്തെ അട്ടിമറിക്കാൻ കരുനീക്കവുമായി ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത്. താലിബാനുമായുള്ള വെടിനിർത്തൽ കരാറിന്റെ കാലാവധി ദീർഘിപ്പിക്കുന്നതായി അഫ്ഗാൻ പ്രസിഡന്‍റ് പ്രഖ്യാപിച്ചതിന് പിന്നാലെ നാംഗർഹാനിൽ ഐഎസ് ചാവേറാക്രമണം നടത്തി. സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. അന്പതിലേറെ പേർക്ക് പരിക്കേറ്റു.

ഈദ് ഉൽ ഫിത്ർ പ്രമാണിച്ച് താലിബനുമായി ഏർപ്പെട്ട കരാറാണ് അഫ്ഗാൻ സർക്കാർ പ്രത്യേക കാലാവധിയൊന്നും നിശ്ചയിക്കാതെ ദീർഘിപ്പിച്ചത്. താൽക്കാലിക വെടിനിർത്തൽ കരാറിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടി. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് അഷ്‍റഫ് ഘാനി വെടിനിർത്തൽ കരാർ തുടരാൻ താലിബാനോടും ആവശ്യപ്പെട്ടു. ഇതിനോട് പക്ഷേ താലിബാൻ പ്രതികരിച്ചിട്ടില്ല.

ആഘോഷങ്ങളുടെ ഭാഗമായി 46 താലിബാൻ തടവുകാരുടെ മോചനവും ഘാനി പ്രഖ്യാപിച്ചിട്ടുണ്ട്. 2001ൽ താലിബാനെതിരായ പോരാട്ടത്തിന്റെ നേതൃത്വം യുഎസ് ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് അഫ്ഗാൻ സർക്കാർ അവരുമായി വെടിനിർത്തൽ കരാർ പ്രഖ്യാപിക്കുന്നത്. വെള്ളിയാഴ്ച തുടങ്ങി മൂന്നു ദിവസത്തേക്ക് വെടിനിർത്താനായിരുന്നു ധാരണ. ഈ ധാരണ തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് നടന്ന സ്ഫോടനത്തിൽ 25ലേറെ പേർകൊല്ലപ്പെട്ടു.