കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം, ഡ്രൈവറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു

കോട്ടയത്ത് ഇരുചക്ര വാഹന യാത്രക്കാരന്റെ അപകട മരണത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. തിരുവല്ല ഡിപ്പോയില്‍ നിന്നും മധുരയിലേയ്ക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് കോട്ടയം കളത്തിപ്പടിയില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു.

കെഎസ്ആര്‍ടിസി സിഎംഡിയുടെ നിര്‍ദേശ പ്രകാരം വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ബസ് ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഡ്രൈവര്‍ ബ്രിജേഷിനെ കെഎസ്ആര്‍ടിസി സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്.

അതേസമയം, കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം സമഗ്രമായ കര്‍മ പദ്ധതി തയ്യാറാക്കി. അപകടങ്ങള്‍ ഒഴിവാക്കാന്‍ ചില മുന്‍കരുതകള്‍ അടിയന്തരമായി കൈക്കൊള്ളാനും തീരുമാനിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ കണ്ടക്ടര്‍ ഡ്രൈവര്‍ വിഭാഗങ്ങള്‍ക്കും റോഡ് സേഫ്റ്റി അതോറിറ്റി, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അപകട നിവാരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിക്കും.