കോളേജില്‍ നടത്തിയ ഡിജെ പാര്‍ട്ടിക്കിടെ പെണ്‍കുട്ടികള്‍ കുഴഞ്ഞു വീണു.

മലപ്പുറം. ഫ്രഷേഴ്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായി കോളേജില്‍ നടത്തിയ ഡിജെ പാര്‍ട്ടിക്കിടെ പെണ്‍കുട്ടികള്‍ കുഴഞ്ഞു വീണു. മലപ്പുറം ജില്ലയിലെ മഞ്ചേരി കോ- ഓപ്പറേറ്റീവ് കോളേജിലെ ഡിജെ പാര്‍ട്ടിക്കിടെ ശനിയാഴ്ചയാണ് സംഭവം നടന്നത്. 10 വിദ്യാര്‍ത്ഥിനികളാണ് കുഴഞ്ഞു വീണത്. സംഭവം സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്ക് “ഒന്നുമില്ല ” എന്നാണ് മഞ്ചേരി കോ- ഓപ്പറേറ്റീവ് കോളേജിൽ നിന്നുള്ള മറുപടി.

വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് പാട്ടുവെച്ച് നൃത്തം ചെയ്യുന്നതിനിടെ പത്തൊന്‍പത് – ഇരുപത് വയസ്സുള്ള പെണ്‍കുട്ടികളാണ് കുഴഞ്ഞു വീഴുന്നത്. ഇത്രയും കുട്ടികള്‍ ഒരുമിച്ച് കുഴഞ്ഞു വീണതോടെ കോളേജ് അധികൃതർ പരിഭ്രാന്തരാവുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ രക്തപരിശോധന നടത്തി. അതെ സമയം കൂടുതൽ വിവരങ്ങൾ കോളേജ് അധികൃതർ പുറത്ത് വിട്ടിട്ടില്ല. ടാര്‍പോളിന്‍ ഉപയോഗിച്ച് താത്കാലികമായി തയ്യാറാക്കിയ സ്ഥലത്തായിരുന്നു ഡിജെ പാര്‍ട്ടി നടത്തിയത്. ചൂടും അമിതമായ ശബ്ദവുമാണ് കുട്ടികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് കോളേജ് അധികൃതര്‍ ഇത് സംബന്ധിച്ച് നല്‍കുന്ന വിവരം.