അമ്മയിലെ വിവാദങ്ങള്‍: ഉത്തരവാദിത്തം ഏറ്റെടുത്ത് അവധിയില്‍ പ്രവേശിക്കാനൊരുങ്ങി ഇടവേള ബാബു

താരസംഘടനയായ അമ്മയില്‍ അടുത്തിടെ നിരവധി വിവാദങ്ങളാണ് ഉണ്ടായത്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടി പീഡന പരാതി നല്‍കിയതിന് ശേഷമാണ് പുതിയ വിവാദങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. സംഘടനയ്ക്കെതിരെ അകത്തും പുറത്തും നിരവധി വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ഇപ്പോളിതാ, സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു താത്കാലികമായി അവധി എടുക്കാന്‍ ഒരുങ്ങി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

പീഡന പരാതിയില്‍ ആരോപണ വിധേയനായ വിജയ് ബാബു അടുത്തിടെ നടന്ന അമ്മ യോ​ഗത്തില്‍ പങ്കെടുത്തിരുന്നു. വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ വിജയ് ബാബുവിന്റെ മാസ് എന്‍ട്രി എന്ന തലക്കെട്ടോടെ അമ്മയുടെ യൂട്യൂബ് ചാനലിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സംഘടനയ്ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായി. പിന്നാലെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നവരെ മോഹന്‍ലാല്‍ വിളിച്ചുവരുത്തി യോഗത്തില്‍ ശകാരിക്കുകയും ചെയ്തു. ഇടവേള ബാബുവും ചേര്‍ന്നുകൊണ്ടാണ് ഇത്തരമൊരു നടപടി ഉണ്ടായത് എന്ന ആരോപണവും യോ​ഗത്തില്‍ ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇടവേള ബാബു അവധിയെടുക്കാന്‍ ഒരുങ്ങിയത്. എന്നാല്‍, പ്രസിഡന്റ് മോഹന്‍ലാലും എക്സിക്യൂട്ടീവ് അംഗങ്ങളും അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ചു.

അതേസമയം, അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തതില്‍ മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചു. വിജയ് ബാബു യോഗത്തിന് വരുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്‍ക്കാന്‍ പറയാമായിരുന്നുവെന്നും വിജയ് ബാബു യോഗത്തിന് എത്തിയതാണ് ഏറ്റവും അധികം വിമര്‍ശനത്തിന് ഇടയായതെന്നും യോഗം വിലയിരുത്തി.