ചാലക്കുടിയില്‍ നടി മഞ്ജു വാര്യരെ മത്സരിപ്പിക്കാനുള്ള സാധ്യത തള്ളാതെ ഇടതുവൃത്തങ്ങള്‍

കൊച്ചി. ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാലക്കുടി മണ്ഡലത്തില്‍ സെലിബ്രിറ്റി സാധ്യത തള്ളിക്കളയാതെ ഇടതുവൃത്തങ്ങള്‍. ചാലക്കുടിയില്‍ നടി മഞ്ജു വാര്യരെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായിട്ടാണ് വിവരം. എല്‍ഡിഎഫിന് വലിയ രാഷ്ട്രീയ പിന്തുണയില്ലാത്ത മണ്ഡലമാണ് ചാലക്കുടി. 2014 ലെ തിരഞ്ഞെടുപ്പില്‍ അവസാന നിമിഷമുണ്ടായ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായിരുന്നു ഇന്നസെന്റിന്റേത്.

പാര്‍ട്ടിക്ക് ശക്തമായ അടിത്തറയില്ലാത്ത മണ്ഡലെന്ന നിലയ്ക്ക് ഇന്നസെന്റിനെ പോലെ സെലിബ്രിറ്റിയെ കളത്തിലിറക്കി ചാലക്കുടി പിടിക്കാനാണ് സാധ്യതയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ സാധ്യതകളെ അട്ടിമറിക്കാന്‍ പ്രപ്തിയുള്ള സ്ഥാനാര്‍ഥിയെ കളത്തിലിറക്കാനാണ് നീക്കം.

നടി മഞ്ജു വാര്യരെക്കൂടാതെ ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസ്, മുന്‍ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, സിഐടിയു നേതാവ് യുപി ജോസഫ് എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.