വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ സെക്രട്ടേറിയറ്റിൽ എത്തിക്കുന്നു, ജീവനക്കാർക്ക് താക്കീത്, നടപടി എടുക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സ്വന്തം വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ജീവനക്കാർ സെക്രട്ടേറിയറ്റിൽ തള്ളുന്നതായി പരാതി. മഴക്കാലത്തിന് മുന്നോടിയായി സെക്രട്ടേറിയല്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ജീവനക്കാര്‍ വീടുകളില്‍ നിന്ന് മാലിന്യം കൊണ്ടുവന്ന് ഇവിടെ തള്ളുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

ഇതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി. ചില ജീവനക്കാര്‍ വരുമ്പോള്‍ സഞ്ചികളിൽ വീടുകളിലെ മാലിന്യവുമായിട്ടാണ് എത്തുന്നതെന്നും കണ്ടെത്തി. ഇതോടെ ഇത്തരത്തില്‍ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇനി ഇത്തരം പ്രവർത്തി കണ്ണിൽപ്പെട്ടാൽ കർശന നടപടി എടുക്കുമെന്നും മുന്നറിപ്പ് നൽകി.

ഇതിന് തടയിടാനായി സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നുകള്‍ക്ക് സമീപം സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ നാണക്കേടാണെന്നും സിസിടിവിയില്‍ പതിഞ്ഞാല്‍ പിടിവീഴുമെന്നും മുന്നറിയിപ്പും ജീവനക്കാർക്ക് നൽകി. ഇത്തരം പ്രവണതകൾ ഒരു രീതിയിലും ന്യായീകരിക്കാൻ ആകില്ലെന്നും അധികൃതർ വ്യക്തമാക്കി.