എല്ലാം പള്‍സർ സുനിയുടെ തലയിൽ വെച്ച് ബാക്കിയെല്ലാവരും നല്ല പിള്ളയാവാൻ നോക്കുന്നു – അഡ്വ ആശ ഉണ്ണിത്താന്‍

കൊച്ചി. പള്‍സർ സുനി പുറത്തിറങ്ങുന്നത് നടി ആക്രമിക്കപെട്ട കേസിലെ എട്ടാം പ്രതി ദിലീപിനെയടക്കം ബാധിക്കുമെന്ന് പ്രമുഖ അഭിഭാഷകയായ ആശ ഉണ്ണിത്താന്‍. ‘നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി ജാമ്യം നേടി പുറത്ത് വന്നാല്‍ അത് എട്ടാം പ്രതിയായ ദിലീപിനേയും ബാധിക്കും. പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് ഉള്ളത്. എട്ടാം പ്രതിയോ അതുമായി ബന്ധപ്പെട്ടവരോ വാഗ്ദാനം ചെയ്തുവെന്ന് പറയപ്പെടുന്ന കാര്യങ്ങള്‍ ചെയ്തുകൊടുക്കാതിരുന്നാല്‍ പള്‍സർ സുനി വാ തുറന്ന് പലതും വിളിച്ച് പറയും’ ആശ ഉണ്ണിത്താന്‍ പറയുന്നു. ഒരു ചാനൽ ചർച്ചയിലായിരുന്നു ആശ ഉണ്ണിത്താന്‍ ഇങ്ങനെ പറഞ്ഞത്.

ഹൈക്കോടതി നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ ജാമ്യഹർജി വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്. ജാമ്യ ഹർജിയുമായി സുപ്രീംകോടതി വരെ പോയി പരാജയപ്പെട്ടതിന് ശേഷമാണ് പള്‍സർ സുനി വീണ്ടും ഹൈക്കോടതിയിലേക്ക് എത്തിയിട്ടുള്ളത്. സുനിയുടെ ജാമ്യ ഹർജി പരിഗണിക്കവെ നടിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഢനമായിരുന്നുവെന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നതാണ്.

‘കോടതിയില്‍ പള്‍സർ സുനി എന്ത് പറയുന്നു എന്നുള്ളത് രഹസ്യവിചാരണ യായതിനാല്‍ നമുക്ക് അറിയാന്‍ കഴിയില്ല. നടന്ന കാര്യങ്ങളെല്ലാം പള്‍സർ സുനി വിളിച്ച് പറഞ്ഞ് കഴിഞ്ഞാല്‍ അവരുടെ നിലനില്‍പ്പിനേയും പലരുടേയും ജാമ്യങ്ങളേയും ബാധിക്കുമെന്ന ഭയവും അവർക്കുണ്ടാവും. രണ്ടാമതൊരു കാര്യം അയാളില്‍ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ബാക്കിയെല്ലാവരും നിരപരാധികളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇവിടെ ഇപ്പോൾ നടക്കുന്നത് എന്നതാണ്’ – ആശ ഉണ്ണിത്താന്‍ പറയുന്നു.

‘എന്നാല്‍ പള്‍സർ സുനി ജയിലില്‍ കിടക്കുന്ന സമയത്താണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഡാലോചന ഉണ്ടാവുന്നത്. അതായത് പുറത്ത് ഏത് സമയത്തും ഗൂഡാലോചന നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതിന് വേണ്ടി പള്‍സർ സുനി തന്നെ വേണമെന്നില്ല, സമാനായ ആരെ വേണെങ്കിലും സങ്കടിപ്പിക്കാനും കാര്യങ്ങള്‍ ചെയ്യിക്കാനും ശേഷിയുള്ളവർ പുറത്തുണ്ട്. അതുകൊണ്ടാണ് മറ്റൊരു ഗൂഡാലോചന കേസ് ഉണ്ടായത്’ അഭിഭാഷക പറയുന്നു.

‘പള്‍സർ സുനിയെ മാത്രം ഫോക്കസ് ചെയ്ത് ഞങ്ങളെയൊക്കെ ഈ കേസിലേക്ക് വലിച്ചിഴച്ചതാണെന്ന് പറയുമ്പോള്‍ അതിന് ശേഷം വന്ന കേസുകളെ കുറിച്ച് എന്താണ് ഇക്കൂട്ടർക്ക് പറയാനുള്ളത് ? പള്‍സർ സുനി പുറത്തിറങ്ങുന്നത് അതിജീവിതയ്ക്കും പ്രശ്നമാണ്. മലയാള ചലച്ചിത്ര മേഖലയിലേക്ക് ആക്രമിക്കപ്പെട്ട നടി തിരിച്ച് വന്നിരിക്കുകയാണ്. സിനിമ മേഖലയില്‍ വലിയ സ്വാധീനമുള്ള സുനിയെപ്പോലൊരു പ്രതി ഈ സമയത്ത് പുറത്ത് വരുന്നത് ശരിയായ നടപടിയാവില്ല’- ആശ ഉണ്ണിത്താന്‍ പറയുന്നു.

‘ദിലീപിന്റെ മൊബൈല്‍ നന്നാക്കാനോ തുറക്കാനോയൊക്കെ ഏതോ ഒരു ചെറുപ്പക്കാരനെ ഏല്‍പ്പിച്ചിരുന്നുവെന്നും അദ്ദേഹം പിന്നീട് വണ്ടിയിടിച്ച് മരിച്ചുപോയി എന്നൊക്കെയുള്ള കാര്യം എവിടെയോ വായിച്ചത് പെട്ടെന്ന് ഓർമ്മ വന്നു. പള്‍സർ സുനി പുറത്തിറങ്ങിയാലും അങ്ങനെ സംഭവിച്ചെന്ന് വരാം. തെളിവുകള്‍ പറയാനും മറ്റുള്ള കാര്യങ്ങള്‍ക്കും ആളുകള്‍ ഇല്ലാതെ വരുമെന്നും ആശ ഉണ്ണിത്താന്‍ ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുന്നു.

‘അന്വേഷണ ഉദ്യോഗസ്ഥനെ ലക്ഷ്യം വെക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് രാഹുല്‍ ഈശ്വർ ചർച്ചയിൽ പറഞ്ഞത്. കേരളത്തിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ ഇതുപോലെ ചർച്ചയിലൊക്കെ ആക്ഷേപിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഒരു കേസ് അന്വേഷണം വളരെ കൃത്യമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയും പ്രോസിക്യൂഷനെ മികച്ച രീതിയില്‍ സഹായിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. അയാള്‍ക്കെതിരെ വധശ്രമവും നടന്നിട്ടുണ്ട്. അങ്ങനെയുള്ളയാളെയാണ് ഇവിടെയൊക്കെ അറ്റാക്ക് ചെയ്യുന്നത്’ – ആശ ഉണ്ണിത്താന്‍ പറഞ്ഞു.