സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ വ്യാജ പോക്‌സോ കേസ്, പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം

തൊടുപുഴ. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ 15 കാരിയെ ഉപയോഗിച്ച് വ്യാജ ആരോപണം ഉന്നയിച്ച് പോക്‌സോ കേസില്‍ കുടുക്കിയ സംഭവത്തില്‍ കാഞ്ഞാര്‍ പോലീസിനെതിരെ കോടതിയുടെ വിമര്‍ശനം. 19 ദിവസം ജയിലില്‍ കിടന്ന പ്രതിയെ കോടതി വിട്ടയച്ചു. അയല്‍വാസിയായ ആര്‍ഡിഒ ഓഫിസിലെ ക്ലാര്‍ക്ക് ജോമോന്‍ വൈകിട്ട് പാട്ടുവയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് പെണ്‍കുട്ടി 2020ല്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ജോമോനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ജോമോനും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് തന്നെയും ഭാര്യയെയും പോലീസുകാര്‍ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് ജോമോന്‍ കോടതിയെ സമീപിച്ചു. പോലീസുകാരെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പോലീസും കേസെടുത്തു.

സ്‌റ്റേഷനില്‍ മര്‍ദ്ദനമേറ്റ ജോമോന്റെ ഭാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ കുട്ടിയെ കൊണ്ട് ജോമോനെതിരെ വ്യാജ ആരോപണം ഉന്നയിച്ച് പോക്‌സോ കേസെടുക്കുകയായിരുന്നു എന്നാണ് ജോമോന്റെ പരാതി.