ബ്ലേഡ് മാഫിയയുടെ ഭീഷണി; പാലക്കാട് വീണ്ടും കര്‍ഷക ആത്മഹത്യ

പാലക്കാട് വീണ്ടും കര്‍ഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്തുവീട്ടില്‍ കണ്ണന്‍കുട്ടി (56) യാണ് ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയോടെയാണ് കണ്ണന്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുറച്ചുനാളുകളായി ക്വാറിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കണ്ണന്‍കുട്ടിക്ക് ഈയിടെ ജോലി ഇല്ലായിരുന്നു. കടം വാങ്ങിയ പണം പലിശ അടക്കം തിരികെ നല്‍കാന്‍ കഴിയാതെ വന്നതാകാം മരണകാരണമെന്ന് ബന്ധു പറഞ്ഞു. അയ്യായിരമോ അന്‍പതിനായിരമോ പലിശയ്ക്ക് കടം വാങ്ങിയാല്‍ ഒരു മാസമാകുമ്പോഴേക്കും ഇരട്ടി നല്‍കേണ്ടി വരുന്ന സ്ഥിതിയാണ് പ്രദേശത്തുള്ളതെന്ന് അയല്‍വാസി പറഞ്ഞു.

പൊതുവേ കടം വാങ്ങുന്ന പ്രകൃതമില്ലാതിരുന്ന കണ്ണന്‍കുട്ടി, തന്റെ ലോണുമായി ബന്ധപ്പെട്ടാണ് സ്ഥലം വില്‍ക്കുന്നതും സാമ്പത്തികമായി തകര്‍ന്നതും. ഇതിന് ശേഷമാണ് ക്വാറിയില്‍ പണിക്ക് പോയിത്തുടങ്ങിയത്. കൊവിഡിനിടെ ലോക്ക്ഡൗണ്‍ കൂടി വന്നതോടെ ജോലി ഇല്ലാതാകുകയും കടം വാങ്ങിയ പണം തിരികെ അടയ്ക്കാന്‍ കഴിയാതെ വരികയുമായിരുന്നു. ആറുലക്ഷത്തിന് അടുത്ത് ഇവര്‍ക്ക് കടമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.