കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എ എന്ന പേരില്‍ തട്ടിപ്പ്, പ്രതി പിടിയിൽ

കൊച്ചി : കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എ ആണെന്ന പേരില്‍ പണം വാങ്ങി തട്ടിപ്പ് നടത്തി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ഫോര്‍ട്ട് കൊച്ചി കല്‍വത്തി അനീഷി(38)നെയാണ് പോലീസ് പിടികൂടിയത്. ഞാറയ്‌ക്കല്‍ പോലീസാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഡെപ്യൂട്ടി മേയറുടെ പി.എ ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാൾ പലരിൽ നിന്നും പണം തട്ടിയതായാണ് കണ്ടെത്തൽ.

കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊച്ചി നഗരസഭയില്‍ കണ്ടിജന്റ് സൂപ്പര്‍വൈസറായി ജോലി നല്‍കാമെന്ന് പറഞ്ഞ് എടവനക്കാട് സ്വദേശിയിൽ നിന്നും 60,000 രൂപയാണ് ഇയാൾ കൈപ്പറ്റിയത്. എന്നാൽ കബളിപ്പിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ യുവാവ് മേയര്‍ക്ക് പരാതി നൽകി.
പിന്നാലെ മേയർ പരാതി പോലീസിന് കൈമാറി.

കള്ളി പുറത്തായത് അറിഞ്ഞതോടെ പ്രതി മുങ്ങി. പിന്നാലെ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അനീഷ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും ഇന്നലെ പ്രത്യേക അന്വേഷണ സംഘം പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.