രാജ്ഭവനിൽ ഡെന്റൽ ക്ലിനിക്ക് തുടങ്ങാനുള്ള ഗവർണറുടെ ആവശ്യം ധനവകുപ്പ് വെട്ടി

തിരുവനന്തപുരം. ഗവര്‍ണറും സര്‍ക്കാരും ശക്തമായ തര്‍ക്കം തുടരുന്നതിനിടെ രാജ്ഭവനില്‍ ഡെന്റല്‍ ക്ലീനിക്ക് തുടങ്ങണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ഉന്നയിച്ച ഈ ആവശ്യം ധനവകുപ്പ് പരിഗണിച്ചില്ല. മുമ്പും ഇതേ തരത്തില്‍ പല ആവശ്യങ്ങളും ഗവര്‍ണര്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ക്ലീനിക്ക് ആരംഭിക്കുവാന്‍ അടിയന്തരമായി 10 ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം.

ക്ലിനിക്ക് തുടങ്ങുന്നതിനുള്ള ആവശ്യം ഉന്നയിച്ച് ഗവര്‍ണറുടെ പ്രിസിപ്പല്‍ സെക്രട്ടറി ഡോ.ദേവേന്ദ്ര കുമാര്‍ ദൊഡാവത്ത് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ജൂലൈ 26ന് പൊതുഭരണവകുപ്പ് സെക്രട്ടറിക്കാണ് ഇത് സംഭന്ധിച്ച കത്ത് ലഭിച്ചത്. എന്നാല് പിന്നീട് ധനവകുപ്പ് ഇത് പരിഗണിക്കാതെ മാറ്റിവയ്ക്കികയായിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പല ആവശ്യങ്ങളും നിരന്തരമായി സര്‍ക്കാരിനോട് ഉന്നയിക്കാറുണ്ടെന്ന് ധനവകുപ്പിലെ ഉദ്ദോഗസ്ഥര്‍ പറയുന്നു.

ഗവര്‍ണറുടെ ഭാഗത്ത് നിന്നും പലകാര്യങ്ങള്‍ക്കും വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും ഉദ്ദ്യോഗസ്ഥര്‍ പറയുന്നുണ്ട്. ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്ന് മുമ്പ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. രാജ്ഭവനില്‍ ഫോട്ടോഗ്രാഫര്‍ തസ്തികയില്ല. ഒഴിവുള്ള സൈഫര്‍ അസിസ്റ്റന്റ് എന്ന തസ്തിക ഫോട്ടോഗ്രാഫര്‍ എന്ന് മാറ്റുകയാണ് പിന്നീട് ചെയ്തത്. താന്‍ പറയുന്ന വ്യക്തിയെ സ്ഥിരപ്പെടുത്തണമെന്ന് ഗവര്‍ണര്‍ 2020ല്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടി എടുക്കാതെ മാറ്റി വെച്ചെങ്കിലും ഗവര്‍ണറുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തീരുമാനം നടപ്പാക്കി.

തുടര്‍ന്നും ഇത്തരം ആവശ്യങ്ങള്‍ ഗവര്‍ണര്‍ ഉന്നയിച്ചതായിട്ടാണ് വിവരം. രാജ്ഭവനിലെ 20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. രാജ്ഭവനിലെ വെയ്റ്റര്‍, സ്വീപ്പര്‍, ഫീമെയില്‍ അറ്റന്‍ഡ്ന്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍ എന്നി തസ്തികയിലെ 20 പേര്‍ക്കാണ് സ്ഥിരനിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയത്. എന്നാല്‍ താത്കാലിക ജവനക്കാരെ സ്ഥിരപ്പെടുത്തുവാന്‍ കഴിയില്ലെന്ന് ധനവകുപ്പ് അറിയിച്ചു.