അപ്പാർട്ട്മെന്റ് തകർന്നുവീണ് അപകടം ; ഖത്തറിൽ മരിച്ചവരിൽ മലയാളി ഗായകനും

ദോഹ: ഖത്തറിൽ അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മലയാളി ഗായകന്‍ ഫൈസല്‍ കുപ്പായി (48) മരിച്ചു. ഇയാൾ ഖത്തറിലെ അറിയപ്പെടുന്ന ചിത്രകാരനും ഗായകനുമാണ്. രണ്ട് ദിവസം മുൻപ് നടന്ന അപകടത്തിൽ ഒരാൾ മാത്രമാണ് മരിച്ചതെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം.

എന്നാൽ ഫെെസലിന്റെ മൃതദേഹം കണ്ടെത്തിയതോടെ മരണസംഖ്യ രണ്ടായി ഉയർന്നു. ദോഹ അൽ മൻസൂറയിൽ ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് നാലുനില അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നുവീണത്. അന്നുതന്നെ ഒരു മരണം സ്ഥിരീകരിച്ചിരുന്നു.

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ പരിശോധന നടത്തിവരവെ വെള്ളിയാഴ്ച രാത്രിയാണ് ഫെെസലിന്റെ മൃതദേഹം കണ്ടെടുത്തത്. ഹമദ് മെഡിക്കൽ കോ‌ർപറേഷൻ ആശുപത്രിയിലേയ്ക്ക് മാറ്റിയ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. ദോഹയിലെ കലാ-സാംസ്‌കാരിക വേദികളില്‍ സജീവമായിരുന്നു ഫൈസല്‍.