പാചക വാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്കായി, വീട് മുഴുവൻ വെള്ള പുകകൊണ്ട് നിറഞ്ഞു, ഒഴിവായത് വൻ അപകടം

കോന്നി: പുതിയ പാചക വാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്കായി. കോന്നി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചെങ്ങറ, മിച്ചഭൂമി, ചരിവുപറമ്പില്‍ ബലചന്ദ്രന്റെ വീട്ടിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. പഴയ സിലിണ്ടറിൽ ഗ്യാസ് തീർന്നപ്പോൾ പുതിയ സിലിണ്ടർ പൊട്ടിച്ചു.

എന്നാൽ ഗ്യാസ് സിലിണ്ടർ തുറന്നപ്പോഴാണ് ഗ്യാസ് ശക്തമായി പുറത്തേക്ക് ചീറ്റിയത്. തുടർന്ന് പരിസരം മുഴുവൻ വെള്ള പുകപോലെയായി. അപകടം മുന്നിൽ കണ്ട വീടുകൾ അടുപ്പ് കത്തിച്ചില്ല. പിന്നാലെ തന്നെ സിലിണ്ടർ വീടിന് പുറത്തെത്തിച്ചു.

പിന്നാലെ തന്നെ ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. പുറത്തിറക്കിയ ശേഷവും ഗ്യാസ് പോയിക്കൊണ്ടേയിരുന്നു. വീടിന്റെ മുറ്റത്തും വെളുത്ത പുകപോലെ ഗ്യാസ് നിറഞ്ഞു.സ്ഥലത്തെത്തിയ അഗ്നിശമന സേന വലിയ പാത്രത്തിൽ വെള്ളം നിറച്ചു ഗ്യാസ് സിലിണ്ടർ അതിൽ മുക്കി നിറുത്തി. അവർ എത്തുന്നത് വരെ അപകടമൊന്നും ഉണ്ടാകാതിരുന്നത് ആശ്വാസമായി. സംഭവം അറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു.