റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർഥിനിയെ അപമാനിച്ചു, പ്രതികരിച്ചതോടെ കരണത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിയും, യുവാക്കൾക്കെതിരെ പരാതി

തൊടുപുഴ ∙ നഗരമധ്യത്തിലെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ കോളജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി. പ്രതികരിച്ചതിന് പെൺകുട്ടിയുടെ കരണത്തടിച്ചെന്ന് പരാതി. നാലു പേർക്കെതിരെ കേസെടുത്തതായി തൊടുപുഴ പൊലീസ് അറിയിച്ചു.

മൂവാറ്റുപുഴയിലെ കോളജിൽ നിന്നുള്ള വിദ്യാർഥികൾ തൊടുപുഴയിൽ വടംവലി മത്സരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. ഇവരിൽ വിദ്യാർഥിനിയും മൂന്ന് സഹപാഠികളും മങ്ങാട്ടുകവലയിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തി. റസ്റ്ററന്റിലുണ്ടായിരുന്ന നാലു യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ ദേഹത്ത് തട്ടി. പെൺകുട്ടി പ്രതികരിച്ചതോടെ യുവാക്കൾ അസഭ്യം പറഞ്ഞെന്നും കരണത്തടിച്ചെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

യുവാക്കളിൽ ഒരാൾ കത്തി വീശിയപ്പോൾ ഒരു വിദ്യാർഥിയുടെ മൂക്കിനു മുറിവേൽക്കുകയും ചെയ്തു. പ്രതികളിൽ ഒരാൾ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടയും കാപ്പ നിയമപ്രകാരം ജയിലിൽ കഴിഞ്ഞയാളാണെന്നും സൂചനയുണ്ട്.