വടകരയിൽ തിരമാലയിൽപ്പെട്ട് ​ഗുരുതരമായി പരിക്കേറ്റ ബാലിക മരിച്ചു

കോഴിക്കോട്: വടകര കൊളാവിപാലം കടലോരത്ത് വെച്ച് തിരമാലയിൽപ്പെട്ട് ​ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. പതിനൊന്നു വയസ്സുകാരി സനോമിയ ആണ് മരിച്ചത്. മണിയൂർ മുതുവന കുഴിച്ചാലിൽ റിജുവിന്റെ മകളാണ് സനോമിയ. കടൽ തീരത്ത് അമ്മയോടൊപ്പം നിൽക്കുമ്പോൾ അബദ്ധത്തിൽ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരമാലയിൽപ്പെടുകയുമായിരുന്നു. സമീപത്ത് ഇത്തിൾവാരുന്നവർ കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാത്രി വൈകി മരിച്ചു.

കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചിൽ ശനിയാഴ്ച വൈകീട്ടാണ് അപകടം. ആദ്യം വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലുമായിരുന്നു കുട്ടിയെ എത്തിച്ചത്. അനുജന്റെ ജന്മദിനാഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം കൊളാവി കടലോരത്ത് എത്തിയതായിരിന്നു സനോമിയ. പിതാവ് റിജു ലോറി ഡ്രൈവറാണ്. സ്മിജ മാതാവും സിയോൺ സഹോദരനുമാണ്. കടലും പുഴയും സംഗമിക്കുന്ന കൊളാവിത്തീരത്ത് ദിവസവും നിരവധി പേരാണ് എത്തുന്നത്. കണ്ടൽകാടുകളാൽ സമൃദ്ധമായ ഇവിടെ കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ സഞ്ചാരികളുടെ തിരക്കാണ്. എന്നാൽ കാര്യമായ സുരക്ഷ നിർദേശങ്ങളൊന്നും നൽകാൻ സംവിധാനമില്ലാത്തതിനാൽ കടലിൽ അപകടത്തിൽപ്പെടുന്നവരുമുണ്ട്. മതിയായ സുരക്ഷയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.