കാഴ്ച ശരിയല്ല, നവ കേരള ബസിന്റെ ചില്ലുകൾ അതീവ രഹസ്യമായി മാറ്റി

നവകേരള യാത്രയ്ക്ക് വേണ്ടി 1.05 കോടി രൂപ മുടക്കി നിർമിച്ച് എത്തിച്ച ബസിന്റെ ചില്ലുകൾ അതീവ രഹസ്യമായി മാറ്റി. ഇന്നലെ രാത്രി വടകരയിലെ നവകേരള സദസ്സിനു ശേഷം കോഴിക്കോട്ട് നടക്കാവ് വർക്‌ഷോപ്പിൽ എത്തിച്ചായിരുന്നു ചില്ലു മാറ്റം. രാത്രി 10നു ശേഷം 6 വണ്ടി പൊലീസ് അകമ്പടിയോടെയാണ് ബസ് നടക്കാവിൽ എത്തിച്ചത്.

വിവരം പുറത്തു പോകാതിരിക്കാൻ വേണ്ടി ഭരണപക്ഷ യൂണിയനിൽ ഉള്ളവരെ മാത്രമേ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചുള്ളൂ. ആവശ്യമായ ചില്ലും മറ്റ് സാമഗ്രികളും വൈകിട്ടോടെ തന്നെ വർക്ക് ഷോപ്പിൽ എത്തിച്ചിരുന്നു. ബെംഗളൂരുവിൽനിന്ന് ബസ് നിർമിച്ച സ്ഥാപനത്തിന്റെ ജീവനക്കാരും കോഴിക്കോട്ട് എത്തിയിരുന്നു. മുഖ്യമന്ത്രിക്ക് പുറത്തെ കാഴ്ചകളും പുറത്തുള്ളവർക്ക് മുഖ്യമന്ത്രിയെയും കൂടുതൽ വ്യക്തമായി കാണുന്നതിനു വേണ്ടിയാണ് ചില്ലുകൾ മാറ്റിയത് എന്നാണ് സൂചന.

അതേ സമയം കോഴിക്കോട് ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കും. കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് സംഘടിപ്പിക്കുക.

വൈകീട്ട് ആറു മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംയുക്ത പരിപാടിയോടെ ഇന്നത്തെ നവകേരള സദസ്സിന് സമാപനമാകും. ഇന്നലെയാണ് കോഴിക്കോട് ജില്ലയിൽ നവകേരള സദസ്സ് പര്യടനം തുടങ്ങിയത്. വടകരയിലെ പ്രഭാതയോഗമായിരുന്നു ആദ്യ പരിപാടി.

രാവിലെ 9 മണിക്ക് വടകര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിൽനിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിച്ചു. മുൻ എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരും പ്രഭാതയോഗത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തു. ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ മൂന്നു ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. ആദ്യദിനമായ ഇന്ന് നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി, വടകര മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തി.