പ്രമേഹം മൂർച്ഛിച്ചു, കാൽപാദം മുറിച്ചു മാറ്റി, ഉടൻ പ്രവർത്തനങ്ങളിൽ സജീവമാകും- കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പ്രമേഹ രോഗവും അണുബാധയും മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചികിത്സയുടെ ഭാ​ഗമായി കാനേ രാജേന്ദ്രന്റെ വലതു കാൽപാദം മുറിച്ചു മാറ്റി. പ്രമേഹം മൂർച്ഛിച്ചതിനെത്തുടർന്ന് വലതു കാലിന്റെ അടിഭാഗത്തുണ്ടായ മുറിവുണങ്ങാത്തതിനെത്തുടർന്ന് പഴുപ്പു മുകളിലേക്കു കയറി. രണ്ടു വിരലുകൾ മുറിച്ചുകളയണമെന്നാണ് ഡോക്ടർമാർ ആദ്യം നിർദേശിച്ചത് എന്നാൽ ഓപ്പറേഷൻ സമയത്തു മൂന്നു വിരലുകൾ മുറിച്ചു. എന്നിട്ടും അണുബാധയ്ക്കു കുറവുണ്ടായില്ല. ഒടുവിൽ പാദം മുറിച്ചുമാറ്റുകയായിരുന്നെന്ന് കാനം സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

വേദന ഉണ്ടെങ്കിലും അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. രണ്ട് മാസത്തിനുള്ളിൽ കൃത്യമ പാദം വെക്കാമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. മൂന്നു മാസത്തെ അവധിക്കുള്ള അപേക്ഷ പാർട്ടിക്ക് നൽകി. 30ന് ചേരുന്ന സംസ്ഥാന നിർവാഹക സമിതി യോഗം അതു പരിഗണിക്കും. സംസ്ഥന സെക്രട്ടറി സ്ഥാനം ഒഴിയുന്നില്ല അതുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ തെറ്റാണ്. ഉടൻ തന്നെ കർമ്മ മണ്ഡലത്തിൽ സജീവമാകുമെന്നും കാനം പറഞ്ഞു.

അതേ സമയം 2022 ഒക്ടോബറിലാണ് കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെടുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തു വരവേ സെക്രട്ടറിക്ക് സംസ്ഥാനമാകെ ഓടിനടക്കേണ്ടിവരും ഇത് ബു​ദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നത്. പാർട്ടി രീതിയനുസരിച്ച് രണ്ടുവർഷംകൂടി കാനത്തിന് സെക്രട്ടറിസ്ഥാനത്തു തുടരാം.

പൊതുപരിപാടികളിൽ ഇല്ലെങ്കിലും സെക്രട്ടറിയെന്നനിലയിൽ പാർട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം കാനത്തിന്റേതാണ്. ഭരണകാര്യങ്ങളിൽ മന്ത്രിമാർ വിവരം ധരിപ്പിക്കുന്നതും അവർക്കുള്ള നിർദേശങ്ങൾ നൽകുന്നതും കാനംതന്നെ. നിലവിൽ സംസ്ഥാനസെക്രട്ടറിക്കുതാഴെ രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാർകൂടിയുണ്ട് -ഇ. ചന്ദ്രശേഖരനും പി.പി. സുനീറും. ഇവരിൽ ആർക്കെങ്കിലും സെക്രട്ടറിയുടെ ചുമതല താത്കാലികമായി നൽകാം. എന്നാൽ, തിരുവനന്തപുരം കേന്ദ്രമാക്കിയല്ല ഇരുവരുടെയും പ്രവർത്തനമെന്ന ന്യൂനതയുണ്ട്.

ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വമാണ് പകരം പരിഗണിക്കപ്പെടുന്നവരിൽ മുൻനിരയിലുള്ളത്. അടുത്തവർഷം അദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കും. ദേശീയനേതൃത്വത്തിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിലവിൽ സംസ്ഥാനത്ത് സജീവമാണ്. മുൻ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ പേരിലേക്കും ചിന്തവരാം.