ദേവീക്ഷേത്രത്തില്‍നിന്നു മോഷ്ടിച്ച സ്വര്‍ണവള അന്വേഷണസംഘം കണ്ടെത്തി

ഏവൂര്‍ കണ്ണമ്പള്ളില്‍ ദേവീക്ഷേത്രത്തില്‍നിന്നു മോഷ്ടിച്ച സ്വര്‍ണവള ആലപ്പുഴയില്‍ വിറ്റതായി അന്വേഷണസംഘം കണ്ടെത്തി. മോഷണസംഘത്തിലെ മുഖ്യപ്രതിയായ കോട്ടയം പൂവരണി സ്വദേശി ജോയിയും കൂട്ടുപ്രതി അടിമാലി സ്വദേശി രമേശും ചേര്‍ന്നാണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയത്.

മീന്‍വില്‍ക്കുന്ന തകരായ ബൈക്കു നന്നാക്കാനാണെന്നും പറഞ്ഞാണു വളയുമായി കടയിലെത്തി ഒരുപവന്‍ വരുന്ന വള ആലപ്പുഴയിലെ ഒരു സ്വര്‍ണക്കടയിൽ ഇവര്‍ അന്നുതന്നെ വിറ്റു. 36,000 രൂപയാണ് വില കിട്ടിയത്. കസ്റ്റഡിയിലെടുത്ത പ്രതി പൂവരണി ജോയിയുമായെത്തിയാണ് തൊണ്ടി മുതലായ സ്വര്‍ണം വീണ്ടെടുത്തത്. ഇത് മോഷണക്കേസിലെ നിര്‍ണായക തെളിവാണെന്ന് പോലീസ് സംഘം പറയുന്നു.

അറസ്റ്റിലായ അഞ്ചംഗസംഘം രണ്ടരവര്‍ഷമായി ക്ഷേത്രക്കവര്‍ച്ച നടത്തുന്നുണ്ടെങ്കിലും പിടിക്കപ്പെട്ടിട്ടില്ല. ആദ്യമായാണ് ഇവര്‍ സ്വര്‍ണം നേരിട്ടുകടയില്‍ വില്‍ക്കുന്നതെന്നാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. കവര്‍ച്ചചെയ്ത ഉരുപ്പടി അതേ രീതിയില്‍ വിറ്റതു കണ്ടെത്താന്‍ കഴിഞ്ഞത് പ്രതികള്‍ക്കെതിരെയുള്ള ശക്തമായ തെളിവാണ്.