പരസ്യവിചാരണ കേസില്‍ നഷ്ടപരിഹാരം ഉദ്യോഗസ്ഥയില്‍ നിന്നും ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഏട്ട് വയസ്സുകാരിയെ പൊതുസ്ഥലത്ത് അവഹേളിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിതയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് കോടതി ചെലവുകള്‍ അടക്കം 175000 രൂപ ഈടാക്കുവനാണ് ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. തുക പോലീസ് ഉദ്യോഗസ്ഥയില്‍ നിന്നും ഈടാക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നു എന്നാല്‍ തുക പോലീസ് ഉദ്യോഗസ്ഥയുടെ പക്കല്‍ നിന്നും ഈടാക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

പോലീസുകാരിയുടെ ബാഗില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് കുട്ടിയെയും പിതാവിനെയും പോലീസ് ഉദ്യോഗസ്ഥ പൊതുസ്ഥലത്ത് അഭമാനിച്ചത്. പിന്നീട് പോലീസ് ഉദ്യോഗസ്ഥയുടെ ഫോണ്‍ ബാഗില്‍ നിന്നും കിട്ടി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് കേസ് കൊടുക്കുകയായിരുന്നു.