രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം 781 ആയി; കൊവിഡ് കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു സംസ്ഥാനങ്ങൾ

രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്നു. നിലവിൽ 781 ഒമിക്രോൺ കേസുകളാണ് രാജ്യത്തുള്ളത്. ഒമിക്രോൺ വ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. മുംബൈയിൽ 70 ശതമാനവും ദില്ലിയിൽ 50 ശതമാനവും കേസുകൾ കൂടി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും രോഗം പടരുകയാണ്. ഇതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.

ഹരിയാനയ്ക്ക് പുറമെ പഞ്ചാബിലും രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാത്തവർക്ക് പൊതു സ്ഥലങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി. ദില്ലിയിൽ ലെവൽ വൺ നിയന്ത്രണങ്ങൾ നടപ്പിലാക്കി തുടങ്ങി. അവശ്യ സർവ്വീസുകളൊഴികെയുള്ള സേവനങ്ങൾക്കാണ് ലെവൽ വണ്ണിൽ നിയന്ത്രണം ബാധകമാവുക.

ദില്ലിയില്‍ സ്കൂളുകളും കോളജുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കി. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണവും ഇരുപതായി കുറച്ചു. ആരാധനാലയങ്ങളിൽ ആൾക്കൂട്ടം പാടില്ല. ഹോട്ടലുകളുടെ പ്രവർത്തനസമയം രാവിലെ എട്ട് മുതൽ രാത്രി പത്ത് വരെയാക്കി. 50 ശതമാനം ആളുകൾക്ക് മാത്രമാകും പ്രവേശനം. ബസുകളിലും,മെട്രോകളിലും 50 ശതമാനം യാത്രക്കാരെയെ അനുവദിക്കുകയുള്ളു. കടകൾ, മാളുകൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കും.