നടി അനുശ്രിക്കെതിരെ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കി

നടി അനുശ്രീക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍. ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കിയെന്ന് ആരോപിച്ച് സിനിമാതാരം അനുശ്രീയ്‌ക്കെതിരെ ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. അനുശ്രീക്ക് പുറമെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സിക്‌സ്ത് സെന്‍സ് എന്ന പരസ്യ കമ്പനി ഉദ്യോഗസ്ഥന്‍ ശുഭം ദുബെ എന്നിവര്‍ക്ക് എതിരെയും ദേവസ്വംബോര്‍ഡ് പരാതി നല്‍കിയിട്ടുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തേക്ക് സാനിറ്റൈസേഷനു വേണ്ടി വരുന്ന നേച്ചര്‍ പ്രൊട്ടക്ട് എന്ന ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ ഉത്പന്നം സംഭാവന / വഴിപാട് നല്‍കുന്നതിനും, ജനുവരി 12 മുതല്‍ 15 വരെയുള്ള തീയതികളില്‍ ക്ഷേത്ര പരിസരത്തു സാനിറ്റെസേഷന്‍ നടത്തുന്നതിനും വേണ്ടി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ഭരണ സമിതി നല്‍കിയ അനുമതി, ദുര്‍വിനിയോഗം ചെയ്ത് പരസ്യചിത്രം നിര്‍മ്മിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കി എന്നാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി ബ്രീജാകുമാരിയുടെ പരാതിയില്‍ പറയുന്നത്. അനുശ്രി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യചിത്രം പ്രസിദ്ധീകരിച്ചത് ദേവസ്വത്തെയും ഭരണസമിതിയേയും വഞ്ചിച്ച നടപടിയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.