വ്യാജ സിഡി ഹാജരാക്കിയ സംഭവം; ബിജു രമേശിനെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് വ്യാജ സിഡി ഹാജരാക്കിയ കേസില്‍ ബിജു രമേശിനെതിരെ തുടര്‍ നടപടിയ്ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി. കൃത്രിമം കാട്ടിയ സിഡി കോടതിയില്‍ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാന്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കി. ബിജു രമേശിനെതിരായ പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി.

കോടതിയില്‍ വ്യാജ സിഡി ഹാജരാക്കിയതിനെതിരെ നടപടി എടുക്കണമെന്നായിരുന്നു പരാതിക്കാരനായ അഭിഭാഷകന്റെ ആവശ്യം. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ച് പരാതി നല്‍കിയെങ്കിലും വിജിലന്‍സ് കോടതിയെ സമീപിക്കാനാണ് കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡി എഡിറ്റ് ചെയ്തതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇത് കോടതിയെ കബളിപ്പിക്കല്‍ ആണെന്നും കേസ് എടുത്ത് അന്വേഷണം വേണം എന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ബാറുടമകളുടെ യോഗത്തിലെ സംഭാഷണമാണ് സിഡിയിലെ ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരനാണ് കേസിലെ ഹര്‍ജിക്കാരന്‍. ബാര്‍ കോഴക്കേസില്‍ രഹസ്യമൊഴി നല്‍കിയപ്പോഴായിരുന്നു എഡിറ്റഡ് സിഡി മജിസ്‌ട്രേറ്റിന് കൈമാറിയത്.