കോവിഡ് വാക്‌സിന്‍ ഹലാല്‍; മുസ്ലിങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് യുഎഇ

ദുബായ്: കോവിഡ് വാക്‌സിന്‍ ഹലാല്‍ ആണെന്നും മുസ്ലിങ്ങള്‍ക്ക് സ്വീകരിക്കാമെന്നും യു എ ഇ ഫത്വാ കൗണ്‍സില്‍. മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും കോവിഡ് വാക്‌സിന്‍ മുസ്ലിങ്ങള്‍ക്ക് അനുവദനീയമാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പരമോന്നത ഇസ്ലാമിക അതോറിറ്റിയായ യുഎഇ ഫത്വ കൗണ്‍സില്‍ വിധിച്ചു. ഷെയ്ഖ് അബ്ദല്ല ബിന്‍ ബയ്യായുടെ ചെയര്‍മാന്‍ ആയുള്ള യു എ ഇ ഫത്വ കൗണ്‍സില്‍ ആണ് ഫത്വ പുറപ്പെടുവിച്ചത്.

എന്നാല്‍ മതപരമായ വിധികള്‍ പ്രകാരം തന്നെ മനുഷ്യ ശരീരത്തിന്റെ സംരക്ഷണം മുന്‍നിര്‍ത്തി കോവിഡ് വാക്‌സിന്‍ അനുവദനീയമാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. കോവിഡ് വാക്‌സിന്‍ ഹലാല്‍ ആണോ ഹറാം ആണോ എന്ന വിഷയത്തില്‍ അറബ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. വ്യക്തികള്‍ക്കുള്ള പ്രതിരോധ നടപടിയായാണ് കോവിഡ് വാക്‌സിനേഷനെ കാണുന്നത്. ഇസ്ലാമിക വിശ്വാസം ആവശ്യപ്പെടുന്നതു പോലെയാണ് ഇത്. മഹാമാരികളുടെ സമയത്ത് രോഗ ബാധയേല്‍ക്കാനുള്ള സാധ്യതകള്‍ കൂടുതലാണെന്നും അത് സമൂഹത്തിന് ആകമാനം ഭീഷണിയാവുകയും ചെയ്യുമെന്നും കൗണ്‍സില്‍ വിശദീകരിക്കുന്നു.

അതേസമയം മുസ്ലിം മതനേതാക്കളും ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. സാധാരണ വാക്‌സിനുകളില്‍ ഉണ്ടാകാറുള്ള ഘടകമായ പന്നിയിറച്ചി ജെലാറ്റിന്‍ ഉപയോഗിക്കുന്നത് പന്നിയിറച്ചി ഉല്‍പന്നങ്ങള്‍ ‘ഹറാം’ അല്ലെങ്കില്‍ ഇസ്ലാമിക നിയമപ്രകാരം നിരോധിച്ചിരിക്കുന്നതായി കരുതുന്ന മുസ്ലീങ്ങള്‍ക്കിടയില്‍ വാക്‌സിനേഷനെ തടസ്സപ്പെടുത്തുമെന്ന ആശങ്ക പടരുന്നതിനിടെയാണ് ഈ വിധി. കഴിഞ്ഞദിവസം ആയിരുന്നു ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്ന കോവിഡ് വാക്‌സിനുകള്‍ക്ക് എതിരെ ആശങ്ക രേഖപ്പെടുത്തി മുസ്ലിം മതനേതാക്കള്‍ രംഗത്തെത്തിയത്.

ഇതിനിടെ, ഉത്തര്‍പ്രദേശിലെ മുസ്ലീം നേതാവായ മൗലാന ഖാലിദ് റാഷിദ് ഫിറംഗി മഹാലി, ഏതെങ്കിലും അഭ്യൂഹത്തിന്റെ ഭാഗമായി സ്വയം ഇടപെടുന്നതിനുപകരം വാക്‌സിന്‍ സ്വീകരിക്കാന്‍ തന്റെ സമുദായത്തില്‍പ്പെട്ടവരോട് അഭ്യര്‍ഥിച്ചു. ”സര്‍ക്കാരിന്റെ നീക്കത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കുന്നതിലും കോവിഡ്-19 ല്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിലും ആളുകള്‍ക്ക് അവസരം വരുന്നത് സന്തോഷകരമാണ്. വാക്‌സിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അവഗണിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

ഒരു മരുന്ന് മതത്തിന്റെ വിഷയമാകരുത്. ജീവിത സുരക്ഷയാണ് ഏറ്റവും വലിയ കാര്യം, അതിനാല്‍ വാക്‌സിന്‍ എല്ലാ സാധാരണ രീതിയിലും സ്വീകരിക്കുക. ഒന്നാമതായി, നിങ്ങളുടെ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കുക. വാക്‌സിന്‍ ഏതെങ്കിലും രാഷ്ട്രീയക്കാര്‍ കൊണ്ടുവന്നതല്ല. അതിനാല്‍ ഒരു രാഷ്ട്രീയ നിറമോ മതത്തിന്റെ നിറമോ നല്‍കുന്നത് തെറ്റാണ്. പോളിയോ പ്രചാരണത്തില്‍ ഇസ്ലാമിക് സംഘടനകള്‍ സര്‍ക്കാരിനെ സഹായിച്ചിട്ടുണ്ട്. ഈ പകര്‍ച്ചവ്യാധിയുടെ സമയത്ത് കോവിഡ് -19 വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളിലും ഇത് തുടരണം, ”മൗലാന ഖാലിദ് റാഷിദ് ഇസ്ലാമിക് സെന്റര്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഫിറംഗി മഹ്ലി പ്രസ്താവനയില്‍ പറഞ്ഞു.