പിണറായി സാരി ധരിച്ചാൽ എന്താണ് കുഴപ്പം? മുനീറിനെതിരെ ഹരീഷ് പേരടി

എം കെ മുനീറിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി രം​ഗത്ത്. പിണറായിയോട് സാരി ധരിക്കാനുള്ള എം കെ മുനീറിന്റെ ആശയം നല്ലതാണ്. പക്ഷെ അതിനുമുമ്പ് മുനീർ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പർദ്ധ ധരിച്ചാൽ അത് കൂടുതൽ പുരോഗമനപരവും മാതൃകാപരമാകുമെന്നും ഹരീഷ് പേരടി പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

കുറിപ്പിങ്ങനെ,

‘പിണറായി സാരി ധരിച്ചാൽ എന്താണ് കുഴപ്പം?’; ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ വിചിത്ര വാദങ്ങളുമായി എംകെ മുനീർ….പിണറായിയോട് സാരി ധരിക്കാനുള്ള ആശയം നല്ലതാണ്…പുരോഗമനപരമാണ്..പക്ഷെ അതിനുമുമ്പ് മുനീർ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പർദ്ധ ധരിച്ചാൽ അത് കൂടുതൽ പുരോഗമനപരമാവും…മാതൃകാപരമാവും…

അതേ സമയം ജെൻഡർ ന്യൂട്രാലിറ്റിയെ എതിർത്തുകൊണ്ട് വിചിത്രവാദങ്ങളാണ് മുസ്ലീം ലീഗ് നേതാവ് പ്രസംഗത്തിനിടെ ഉന്നയിച്ചത്. ‘ലോകത്ത് ലിംഗസമത്വം വന്നാൽ പെൺകുട്ടികളെ എടാ എന്നാകും വിളിക്കുക. പെൺകുട്ടികൾ പാന്റും ഷർട്ടും ധരിക്കുന്നതിന് പകരം ആൺകുട്ടികൾ ചുരിദാർ ധരിക്കട്ടെ,’ മുഖ്യമന്ത്രി പിണറായി വിജയൻ സാരിയും ബ്ലൗസും ധരിച്ചാൽ എന്താണ് കുഴപ്പമെന്നും മുനീർ ചോദിച്ചു. മുനീറിന്റെ പരാമർശങ്ങൾക്ക് വൻ കൈയ്യടിയാണ് സദസ്സിൽ നിന്ന് ലഭിച്ചത്.