സിനിമ നിർത്തിയാൽ വിദഗ്ദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങൾ- ഹരീഷ് പേരടി

കഴിഞ്ഞ ദിവസമാണ് തനിക്ക് ഓട്ടിസം സ്‌പെക്‌ട്രം ഡിസോർഡർ എന്ന രോഗാവസ്ഥയാണെന്നും സിനിമ കരിയ‌ർ നിർത്തുകയാണെന്നും അൽഫോൺസ് പുത്രൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. നിരവധി ആരാധക‌ർ ആശങ്കപ്പെട്ടതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്‌തു. ഇതിനുപിന്നാലെ നിരവധി പേരാണ് സിനിമാ കരിയർ അവസാനിപ്പിക്കരുതെന്ന് അൽഫോൺസ് പുത്രനോട് ആവശ്യപ്പെട്ടത്.

ഇപ്പോളിതാ സിനിമ നിർത്തരുതെന്ന് സംവിധായകൻ അൽഫോൺസ് പുത്രനോട് അപേക്ഷയുമായി നടൻ ഹരീഷ് പേരടി. സിനിമ നിർത്തിയാൽ അൽഫോൺസ് രോഗത്തിനെതിരായ മരുന്ന് നിർത്തിയെന്നേ പറയൂ എന്നും ഹരീഷ് പേരടി ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

അൽഫോൺസ് പറഞ്ഞ വിഷയത്തിന്റെ ഗൗരവം താൻ ഉൾക്കൊള്ളുന്നതായും സിനിമ തന്നെയാണ് അൽഫോൺസ് താങ്കൾക്കുള്ള മരുന്നെന്നും കേരളം മുഴുവൻ കൂടെയുണ്ടെന്നും നടൻ പറയുന്നു. നിങ്ങളുടെ പ്രേമമാണ് കലുഷിത മാനസികാവസ്ഥയിൽ ഞങ്ങൾ മൂന്നുനേരം കഴിക്കാറുള്ളത് എന്നും നിങ്ങൾ സിനിമ നിർത്തിയാൽ വിദഗ്ദ്ധനായ ഡോക്‌ടറെ നഷ്‌ടപ്പെട്ട അനാഥരായ രോഗികളാകും തങ്ങളെന്നും ഹരീഷ് കുറിക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ:

അൽഫോൺസ് താങ്കൾ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നു..എന്നാലും നിങ്ങളെപോലെയുള്ള ഒരു പ്രതിഭയുടെ സിനിമകൾ ഞങ്ങൾക്ക് ഇനിയും കാണണം..അതിന് താങ്കൾ സിനിമ ചെയ്‌തേപറ്റു…ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല…നിങ്ങൾ സിനിമ നിർത്തിയാൽ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങൾ നിർത്തി എന്ന് ഞാൻ പറയും…

സിനിമ തന്നെയാണ് അൽഫോൺസ് നിങ്ങൾക്കുള്ള മരുന്ന് …നിങ്ങളുടെ സിനിമ തന്നെയാണ് ഞങ്ങളുടെയും മാനസിക പ്രതിസന്ധികളിലെ മരുന്ന് …നിങ്ങളുടെ പ്രേമമാണ് കലുഷിതമായ മാനസികാവസ്ഥകളിൽ ഞങ്ങൾ മുന്ന് നേരം കഴിക്കാറുള്ളത്…നിങ്ങൾ സിനിമ നിർത്തിയാൽ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങൾ…പ്ലീസ് തിരിച്ചുവരിക…ഞങ്ങളെ രക്ഷിക്കുക..നിങ്ങൾ സിനിമ ചെയ്ത് കാണാൻ ഞാൻ അത്രയും ആഗ്രഹിക്കുന്നു…കേരളം മുഴുവൻ കൂടെയുണ്ട്..സിനിമ ചെയ്‌തേ പറ്റു.