മകന്റെ മരണത്തിന് പിന്നിലും ഷൈബിന്‍ അഷ്‌റഫ്; ഹാരിസിന്റെ ഭാര്യയുമായി ഷൈബിന് രഹസ്യബന്ധം; സാറാബി

തിരുവനന്തപുരം: പ്രവാസി വ്യവസാ ഹാരിസിന്റെ മരണം കൊലപാതകമെന്ന് കുടുംബം. കൊലയ്‌ക്ക് പിന്നില്‍ പാരമ്ബര്യ വൈദ്യനെ കൊന്നകേസിലെ പ്രതി ഷൈബിന്‍ അഷ്റഫ് ആണെന്ന് കുടുംബം ആരോപിക്കുന്നു. മുമ്ബും ഹാരിസിനെ കൊല്ലാന്‍ ഷൈബിന്‍ ക്വട്ടേഷന്‍ നല്കിയിരുന്നെന്നും അമ്മ സാറാബി അറിയിച്ചു. ഹാരിസിന്റെ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിനെ അബുദാബിയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെ ഒരു യുവതിയും മുറിയില്‍ മരണപ്പെട്ടിരുന്നു. ഹാരിസ് കൈ ഞരമ്ബ് മുറിച്ചും കൂടെയുണ്ടായിരുന്ന യുവതി ശ്വാസം മുട്ടിയും മരിച്ചു എന്ന വിവരമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്.

ഹാരിസും ഷൈബിനും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീട് ഭാര്യ നസ്ലീനുമായി ഷൈബിന്‍ രഹസ്യബന്ധം പുലര്‍ത്തിയിരുന്നത് ഹാരിസ് അറിഞ്ഞു. ഈ ബന്ധം ഹാരിസ് കൈയോടെ പിടികൂടി. ഇതിനുശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഹാരിസിനെതിരേ ഷൈബിന്‍ നേരത്തെ ക്വട്ടേഷന്‍ നല്‍കിയിരുന്നു. മകന്‍ ജീവിച്ചിരിക്കുന്നത് നസ്ലീനയ്ക്കും ഷൈബിനും തടസ്സമായിരുന്നു. നസ്ലീനയുടെയും ഷൈബിന്റെയും ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് മകന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സൈറാബി വ്യക്തമാക്കി. പണവും സ്വാധീനവുമുള്ള ആളാണ് ഷൈബിന്‍. അയാളെ ഭയന്നിട്ടാണ് ഇത്രയുംകാലം പരാതി നല്‍കാതിരുന്നത്. ഞങ്ങള്‍ക്ക് നീതി വേണം. ഹാരിസിന്റെ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും സൈറാബി പറഞ്ഞു.

2020 മാര്‍ച്ചിലാണ് പ്രവാസി വ്യവസായിയായ ഹാരിസിനെ അബുദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹാരിസും ഷൈബിനും നേരത്തെ ഗള്‍ഫില്‍ ബിസിനസ് പങ്കാളികളായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്ബ് നിലമ്ബൂരില്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഷൈബിന്‍ അഷ്‌റഫ് പിടിയിലായതോടെയാണ് ഹാരിസിന്റെ മരണത്തിലും സംശയമുണര്‍ന്നത്. കേസിലെ കൂട്ടുപ്രതികള്‍ നല്‍കിയ പെന്‍ഡ്രൈവില്‍ ഹാരിസിനെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ബ്ലൂപ്രിന്റുകളും അടങ്ങിയിരുന്നു. ഹാരിസിനെ കീഴ്‌പ്പെടുത്തി വകവരുത്തേണ്ട പദ്ധതിയുടെ പലഘട്ടങ്ങളാണ് പ്രിന്റെടുത്ത് സൂക്ഷിച്ചിരുന്നത്. ഈ പ്രിന്റുകളുടെ ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതോടെയാണ് ഹാരിസിന്റെ മരണത്തിലും അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നത്.

ഹാരിസിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട് കമ്മീഷണര്‍ക്കും മലപ്പുറം എസ്.പി.ക്കുമാണ് പരാതി നല്‍കിയിട്ടുള്ളതെന്ന് ഡി.വൈ.എഫ്.ഐ. കുന്ദമംഗലം ബ്ലോക്ക് ട്രഷറര്‍ മിഥിലാജ്  പറഞ്ഞു. ഹാരിസിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലും രൂപവത്കരിച്ചിട്ടുണ്ട്.